കേരളം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ രാഷ്ട്രീയ പാർട്ടികൾ സർവ്വ സന്നാഹങ്ങളുമായി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പ്രഖ്യാപിച്ച സ്ഥാനാർഥികളെ മാറ്റി പുതിയ ആളുകളെ തീരുമാനിക്കുന്നതില്‍ ഇടത് വലത് മുന്നണികൾക്കൊപ്പം ബിജെപിയും കൂടിയെത്തിയപ്പോൾ വോട്ടർമാർ ചെറിയ ആശങ്കയിലാണ്. ആദ്യം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ സിപിഎം ചരിത്രത്തിലാദ്യമായി ഘടകകക്ഷിക്ക് നല്‍കിയ സീറ്റ് തിരിച്ചുവാങ്ങി സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ദിവസങ്ങളായി തർക്കം തുടരുന്ന കുറ്റ്യാടി സീറ്റിലാണ് സിപിഎമ്മില്‍ പരിചിതമല്ലാത്ത, പ്രവർത്തകരുടെ വികാരം മാനിച്ചുകൊണ്ടുള്ള തീരുമാനം വന്നത്. കേരള കോൺഗ്രസ് അവരുടെ സ്ഥാനാർഥിയെ പിൻവലിച്ചപ്പോൾ കുറ്റ്യാടിയില്‍ സിപിഎം നേതാവ് കെപി കുഞ്ഞമ്മദ് കുട്ടി മത്സരിക്കും. സിപിഐയും ഇത്തവണ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റിയിട്ടുണ്ട്. തിരൂരങ്ങാടിയില്‍ അജിത് കൊളോടിയെ പ്രഖ്യാപിച്ച സിപിഐ, ഒടുവില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി നിയാസ് പുളിക്കലകത്തിനെ സ്ഥാനാർഥിയാക്കാനാണ് തീരുമാനിച്ചത്. തിരൂരങ്ങാടിയില്‍ മുസ്ലീംലീഗ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച കെപിഎ മജീദിന് എതിരെ സ്വന്തം പാർട്ടിയില്‍ നിന്ന് തന്നെ എതിർപ്പ് വന്നതോടെയാണ് 2016ല്‍ തിരൂരങ്ങാടിയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് മികച്ച പ്രകടനം നടത്തിയ നിയാസിനെ പിന്തുണയ്ക്കാൻ സിപിഐ തീരുമാനിച്ചത്.
ഇതുവരെ കണ്ടത് ചെറുത്, മറിഞ്ഞും മാറിയും മാറ്റിയും സ്ഥാനാർഥി പട്ടിക
പ്രഖ്യാപിച്ച സ്ഥാനാർഥികളെ മാറ്റി പുതിയ ആളുകളെ തീരുമാനിക്കുന്നതില്‍ ഇടത് വലത് മുന്നണികൾക്കൊപ്പം ബിജെപിയും കൂടിയെത്തിയപ്പോൾ വോട്ടർമാർ ചെറിയ ആശങ്കയിലാണ്
അതേസമയം യുഡിഎഫിലും കോൺഗ്രസിലും തർക്കവും പേരുമാറ്റവും സ്ഥാനാർഥി മാറ്റവും തുടങ്ങിയിട്ടേയുള്ളൂ. സ്ഥാനാർഥി നിർണയത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പരസ്യപ്രതിഷേധവും തലമുണ്ഡനവുമൊക്കെ നടത്തിയ കോൺഗ്രസ് വനിതാ നേതാവ് ലതികാ സുഭാഷ് ഇന്ന് എഐസിസി അംഗത്വം രാജിവെച്ചു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും ലതിക സുഭാഷ് പ്രഖ്യാപിച്ചു. വടകര നിയോജക മണ്ഡലത്തില്‍ യുഡിഎഫില്‍ അപ്രതീക്ഷിത ട്വിസ്റ്റാണ് സംഭവിച്ചത്. ആർഎംപി നേതാവ് കെകെ രമ മത്സരിക്കാൻ സന്നദ്ധത അറിയിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. രമ സ്ഥാനാർഥിയായാല്‍ പിന്തുണയ്ക്കുമെന്ന് യുഡിഎഫ് നേരത്തെ അറിയിച്ചിരുന്നു. പക്ഷേ സ്ഥാനാർഥിയാകാനില്ലെന്നാണ് രമ ഇന്നലെ വരെ പറഞ്ഞിരുന്നത്. ഇന്ന് തീരുമാനം മാറിയതോടെ വകടരയില്‍ ശക്തമായ മത്സരം നടക്കുമെന്നുറപ്പായി. കോൺഗ്രസില്‍ ഇതുവരെ പ്രഖ്യാപിക്കാത്ത ആറ് സീറ്റുകളില്‍ കൂടുതല്‍ വനിതകൾക്ക് അവസരം നല്‍കണമെന്നാണ് ഒടുവില്‍ വന്ന തീരുമാനം. ലതിക സുഭാഷിന്‍റെ പരസ്യ പ്രതിഷേധത്തിന്‍റെ ഫലമാണിതെന്നാണ് കരുതുന്നത്. ഇരിക്കൂർ സീറ്റില്‍ പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റണമെന്ന ആവശ്യം കണ്ണൂരിലെ കോൺഗ്രസില്‍ വൻ കലാപത്തിന് കാരണമായിട്ടുണ്ട്. മുതിർന്ന നേതാക്കൾ അടക്കമുള്ളവർ ഇരിക്കൂറിലെ പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്. മുസ്ലീംലീഗിലും പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റണമെന്ന ആവശ്യം ശക്തമാണ്. കളമശേരിയില്‍ വിഎം അബ്‌ദുൾ ഗഫൂറിന് എതിരെ പരസ്യ പ്രതിഷേധവും ലീഗ് പ്രവർത്തകരുടെ കൺവെൻഷനും നടന്നു. മങ്കടയില്‍ സിറ്റിങ് സീറ്റ് നിഷേധിച്ച അഹമ്മദ് കബീറിന്‍റെ നേതൃത്വത്തിലാണ് കളമശേരിയില്‍ പ്രതിഷേധം നടന്നത്.
ബിജെപിയില്‍ സ്ഥിതി കുറച്ചുകൂടി വ്യത്യസ്തമാണ്. ഇന്നലെ കേന്ദ്ര നേതൃത്വം ഡല്‍ഹിയില്‍ പ്രഖ്യാപിച്ച മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാർഥി പിൻമാറിയത് ബിജെപിക്ക് വൻ തിരിച്ചടിയായി. പട്ടിക വർഗ മണ്ഡലത്തിലെ സ്ഥാനാർഥി മണികണ്ഠനാണ് ബിജെപി സ്ഥാനാർഥി പട്ടികയില്‍ നിന്ന് പിൻമാറിയത്. അതോടൊപ്പം ഏറ്റുമാനൂരിലെയും തിരുവല്ലയിലെയും എൻഡിഎ സ്ഥാനാർഥികളെ മാറ്റണമെന്ന ആവശ്യവും പരസ്യമായി. കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി സ്ഥാനാർഥി നിർണയത്തിലെ സസ്‌പെൻസ് നിറഞ്ഞ മണ്ഡലമായ കഴക്കൂട്ടത്ത് ദേശീയ നേതാവ് ശോഭ സുരേന്ദ്രൻ മത്സരിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കുന്നതിനെ ശോഭ സുരേന്ദ്രൻ പരിഹസിച്ചിരുന്നു. അതിനു ശേഷം ഇന്ന് കെ സുരേന്ദ്രൻ തന്നെയാണ് ശോഭ സുരേന്ദ്രൻ മത്സരിക്കുമെന്ന് അറിയിച്ചത്. എന്നാല്‍ മണ്ഡലം ഏതെന്ന് മാത്രം വ്യക്തമാക്കിയില്ല.