തിരുവനന്തപുരം: ശ്രീലങ്കയിലെ ഭരണ പ്രതിസന്ധിയും തുടര്‍ന്നുണ്ടായ ഇന്ധന പ്രതിസന്ധിയിലും കൊളംബോയില്‍ നിന്നുള്ള വിദേശ വിമാന സര്‍വീസുകള്‍ക്ക് ഇന്ധനം നല്‍കി കൈത്താങ്ങാകുകയാണ് തിരുവനന്തപുരം, കൊച്ചി രാജ്യാന്തര വിമാനത്താവളങ്ങള്‍. ശ്രീലങ്കയില്‍ നിന്നുള്ള വ്യോമപാതയില്‍ ഏറ്റവും അടുത്തുള്ള വിമാനത്താവളം എന്നതാണ് തിരുവനന്തപുരത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ശ്രീലങ്കയില്‍ എണ്ണ പ്രതിസന്ധിയുണ്ടായ 2022 മേയ് മാസം അവസാന വാരത്തില്‍ തന്നെ തിരുവനന്തപുരം വിമാനത്താവളം സഹായ ഹസ്‌തവുമായി മുന്നോട്ടു വന്നിരുന്നു.
കൊളംബോയില്‍ നിന്ന് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന 61 ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനങ്ങളാണ് ഇതുവരെ തിരുവനന്തപുരത്ത് നിന്ന് ഇന്ധനം നിറച്ചത്. മറ്റ് വിദേശ വിമാന കമ്പനികള്‍ ഉള്‍പ്പെടെ ഇതുവരെ 90 ലധികം വിമാനങ്ങള്‍ തിരുവനന്തപുരത്ത് എത്തി ഇന്ധനം നിറച്ച് മടങ്ങി. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്‍റെ കൊളംബോ-മെല്‍ബണ്‍, കൊളംബോ-ഫ്രാങ്ക് ഫര്‍ട്ട്, കൊളംബോ-പാരിസ് എന്നീ വിമാനങ്ങളാണ് ഇന്ധനം നിറയ്‌ക്കാനായി തിരുവനന്തപുരത്ത് എത്തിയത്.
കൊളംബോയില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകളായ ഫ്ലൈ ദുബായ്, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, ഒമാന്‍ എയര്‍ വിമാനങ്ങളും തിരുവനന്തപുരത്ത് എത്തി ഇന്ധനം നിറച്ചു. ഇന്ധനം നിറയ്‌ക്കുന്നതിനുള്ള ടെക്‌നിക്കല്‍ ലാന്‍ഡിങ് വഴി ഒരു വിമാനത്തില്‍ നിന്ന് ഏകദേശം ഒരു ലക്ഷത്തോളം രൂപ ലാന്‍ഡിങ് ഫീ ഇനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിന് വരുമാനമുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിയെ വാണിജ്യ അടിസ്ഥാനത്തില്‍ കാണുന്നതിന് പകരം ഇന്ത്യയുടെ ഒരു സുഹൃത് രാജ്യത്തിനെ അവശ്യ ഘട്ടത്തില്‍ സഹായിക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുകയാണ് ചെയ്യുന്നതെന്ന് തിരുവനന്തപുരം അദാനി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് ഏറ്റവും തിരക്കുള്ള രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയുള്ള സമയത്താണ് ഇന്ധനം നിറയ്‌ക്കാന്‍ വിമാനങ്ങള്‍ എത്തുന്നതെങ്കിലും അവര്‍ക്ക് ഒരു അസൗകര്യവും വരുത്താതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നത് ഇതിനാലാണെന്നും തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം എന്നിവയാണ് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ എന്ന വിമാന ഇന്ധനം നല്‍കുന്നത്. ഇതിലൂടെ സംസ്ഥാന സര്‍ക്കാരിനും വരുമാനമുണ്ട്. വിമാന ഇന്ധന വിലയുടെ അഞ്ച് ശതമാനം നികുതിയായി സംസ്ഥാന ഖജനാവില്‍ എത്തും.