തിരുവനന്തപുരം : വ്യത്യസ്‌ത ആശയങ്ങൾ സംവദിക്കാനുള്ള വേദിയായി സിനിമ മാറണമെന്നും ഐഎഫ്എഫ്കെ (International Film Festival of Kerala-IFFK) അത്തരമൊരു വേദിയാണെന്നും കെനിയൻ സംവിധായിക വനൂരി കഹിയൂ (Kenyan director Wanuri Kahiu). ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു വനൂരി കഹിയു. തദ്ദേശീയമായ സിനിമകൾ നിർമിക്കുകവഴി അവിടുത്തെ സംസ്‌കാരത്തെ പരിപോഷിപ്പിക്കാൻ കഴിയും.
കൊളോണിയൽ അധിനിവേശത്തിന്‍റെ കാലം മുതൽക്കേ കല എന്നത് പ്രതിരോധത്തിന്‍റെ മാർഗമാണ്. സാമൂഹിക വികസനത്തിന്‍റെ ഓരോ ഘട്ടത്തിലുമുള്ള മാറ്റങ്ങൾ സിനിമയിലും പ്രതിഫലിച്ചിട്ടുണ്ടെന്നും എല്ലാ ശബ്‌ദങ്ങളെയും ആശയങ്ങളെയും ഉൾകൊള്ളുന്ന ആഗോള മാനവികതയുടെ ഇരിപ്പിടമായി ചലച്ചിത്ര മേഖല മാറണമെന്നും വനൂരി കഹിയൂ പറഞ്ഞു. ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചടങ്ങിൽ വനൂരിയെ 'സ്‌പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം നൽകി ആദരിച്ചിരുന്നു (Spirit of Cinema award at IFFK).
ലോകത്ത് ഒരു സിനിമയും നിരോധിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ലെന്നും വനൂരി ഉദ്‌ഘാടന വേദിയിൽ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പറഞ്ഞിരുന്നു. സ്നേഹത്തിന്‍റെയും ജീവിതത്തിന്‍റെയും ഭാഷയാണ് സിനിമ. കഥകൾ നമുക്കു മുൻപേ ഉണ്ടായതാണ്. ദിവ്യതയിൽ നിന്നും എത്തുന്ന കഥകളെ പ്രകടിപ്പിക്കുന്നതാണ് ചലച്ചിത്ര പ്രവർത്തകരുടെ ജോലി. അത് പ്രകടിപ്പിക്കുന്നതിലൂടെ ലോകം മുഴുവനുള്ള പ്രേക്ഷകരുമായി നമ്മൾ ബന്ധപ്പെടുന്നു.
കഥ സിനിമക്ക് മുൻപേ ഉത്ഭവിക്കുന്നു. മനുഷ്യന്‍റെ അനുഭവജ്ഞാനത്തിന്‍റെയും നിലനിൽപ്പിന്‍റെയും കഥകളാണ് ഈ കഥകൾ. തന്‍റെ ചിത്രമായ റഫീഖി ഇപ്പോൾ നാടുകടത്തപ്പെട്ടിരിക്കുന്നു. ഒരുനാൾ അത് കെനിയയിലേക്ക് തന്നെ മടങ്ങിയെത്തുമെന്നും വനൂരി പറഞ്ഞിരുന്നു. വിലക്കുകളോടും എതിർപ്പുകളോടും പടവെട്ടി മുന്നേറുന്ന സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരിയാണെന്ന് വനൂരിയെന്ന് ഐഎഫ്എഫ്‌കെയുടെ ഉദ്‌ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.