തിരുവനന്തപുരം: തലസ്ഥാന നഗരം വീണ്ടുമൊരു കുട്ടി ക്രിക്കറ്റിൻ്റെ ആവേശ ലഹരിയിൽ. നീണ്ട ഇടവേളയ്‌ക്ക് ശേഷം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരു അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരത്തിന് കൂടി വേദിയാകുന്നു. സെപ്‌റ്റംബർ 28ന് നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്നത്.
ടി20 മത്സരത്തിന് ഒരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം മത്സരം നടക്കാൻ ഇനിയും രണ്ട് മാസങ്ങൾ ശേഷിക്കുന്നുണ്ടെങ്കിലും കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ(കെസിഎ) നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സ്റ്റേഡിയത്തിൽ പിച്ചിൻ്റെയും ഔട്ട് ഫീൽഡിൻ്റെയും അറ്റകുറ്റപ്പണികളാണ് ആരംഭിച്ചത്. ഔട്ട്‌ഫീൽഡിലെ നശിച്ച പുല്ല് നീക്കം ചെയ്‌ത് പുതിയ പുല്ല് വച്ചുപിടിപ്പിച്ചു.
സ്റ്റേഡിയത്തിൽ ആകെ 10 പിച്ചുകളാണ് ഉള്ളത്. ഇതിൽ നാല് പ്രധാന പിച്ചുകളാണ് അന്താരാഷ്‌ട്ര മത്സരത്തിനായി ഒരുക്കുന്നത്. ലോക്കൽ ക്ലേയിലെ രണ്ട് വിക്കറ്റുകളും മാണ്ഡ്യ ക്ലേയിലെ രണ്ട് വിക്കറ്റുകളും. നാല് വിക്കറ്റുകളും മത്സരത്തിന് മുന്നോടിയായി സജ്ജമാക്കും. പ്രാക്‌ടീസ് മത്സരങ്ങൾ നടത്തി മികച്ച നിലവാരമുള്ള പിച്ചിലായിരിക്കും മത്സരം നടത്തുക.
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ വേറിട്ട് നിർത്തുന്നത് ഡ്രെയ്‌നേജ് സംവിധാനമാണ്. സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്‌ട്ര മത്സരമായ ഇന്ത്യ - ന്യൂസിലന്‍ഡ് ടി20 നടന്നപ്പോള്‍ മഴ പെയ്‌തിരുന്നു. എന്നാല്‍ വളരെ വേഗത്തില്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ ഗ്രൗണ്ട് മത്സരയോഗ്യമാക്കിയത് താരങ്ങളുടെയടക്കം പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതേ കാര്യക്ഷമതയോടെയാണ് മൈതാനത്തെ ഡ്രെയ്‌നേജ് സംവിധാനം ഇപ്പോഴും പ്രവർത്തിക്കുന്നത്. മഴ പെയ്‌ത ശേഷം അരമണിക്കൂറിനകം മത്സരം പുനരാരംഭിക്കാൻ കഴിയുമെന്നും കെസിഎ ക്യൂറേറ്റർ ബിജു എ.എം പറഞ്ഞു.
പത്തോളം ജീവനക്കാരുടെ മേൽനോട്ടത്തിലാണ് ഗ്രൗണ്ടിലെ അറ്റകുറ്റപ്പണികൾ നടക്കുന്നത്. മത്സരത്തിന് മുന്നോടിയായി ജീവനക്കാരുടെ എണ്ണം വർധിപ്പിച്ച് ഗ്രൗണ്ട് മത്സരത്തിന് പൂർണസജ്ജമാക്കും. മത്സരത്തിന് മുൻപ് ബിസിസിഐ അധികൃതർ എത്തി പിച്ചും ഔട്ട് ഫീൽഡും പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തും.
2019ല്‍ നടന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് മത്സരമാണ് കാര്യവട്ടത്തെ അവസാന അന്താരാഷ്‌ട്ര മത്സരം. ഇതില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്‌തിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് കാര്യവട്ടം വേദിയാവുക. രണ്ടാം ടി20 ഗുവാഹത്തിയിലും മൂന്നാം ടി20 ഇന്‍ഡോറിലും നടക്കും.
നേരത്തെ ആർമി റിക്രൂട്ട്‌മെൻ്റ് റാലിക്കും, തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കും പിന്നാലെ മൈതാനം കാടുകയറി നശിച്ചിരുന്നു. കായിക പ്രേമികളുടെ നിരന്തര പരാതികളെ തുടർന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്റ്റേഡിയം നവീകരിച്ചത്. രഞ്‌ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി മത്സരങ്ങളാണ് സ്റ്റേഡിയത്തിൽ എറ്റവുമൊടുവിൽ നടന്നത്.