തിരുവനന്തപുരം: ലഹരിക്കടത്ത് കേസ് നിയമസഭയില്‍. വിഷയത്തില്‍ യുഡിഎഫ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ സിപിഎം നേതാക്കളായ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം നടന്നുവെന്ന് അടിയന്തര പ്രമേയം നോട്ടിസ് അവതരിപ്പിച്ച മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു.
ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയാണ് മയക്കുമരുന്ന് കേസിലെ സിപിഎം നേതാവിന്‍റെ പങ്ക് പുറത്ത് വരാൻ കാരണം. കേസിൽ അന്വേഷണം നടക്കും മുമ്പ് തന്നെ ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇത് ഷാനവാസിനെ രക്ഷിക്കാനുള്ള യജമാനന്‍റെ ശ്രമമാണെന്നും മാത്യു കുഴൽ നാടൻ ആരോപിച്ചു.
പ്രതികരണവുമായി എം.ബി രാജേഷ്: കരുനാഗപ്പള്ളിലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ടുള്ളപ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഷാനവാസിനെ പ്രതിയാക്കാൻ തെളിവ് കിട്ടിയില്ലെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഒരു കേസിലും പ്രതികളുടെ രാഷ്ട്രീയം നോക്കുന്നതല്ല എൽഡിഎഫ് സർക്കാരിന്‍റെ രീതി. ലഹരി കേസുകളിൽ കർശന നിലപാടാണ് ഇടത് സർക്കാർ സ്വീകരിച്ച് വരുന്നത്.
കേരളത്തിൽ ലഹരി ഉപയോഗം വർധിച്ചു വരുന്നത് നേരിടാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തില്‍ ജനകീയ പങ്കാളിത്തം സർക്കാർ ഉറപ്പാക്കി. മയക്ക് മരുന്ന് കേസിൽ 228 സ്ഥിരം പ്രതികൾക്കെതിരെ നിയമ നടപടിയുണ്ടായെന്നും മന്ത്രി വിശദീകരിച്ചു. കരുനാഗപ്പള്ളി ലഹരി കേസിൽ അന്വേഷണം നടക്കുകയാണ്. ഇതുവരെ ലോറി ഉടമയെ പ്രതിയാക്കാനുള്ള തെളിവുകളൊന്നും കിട്ടിയില്ല.
തെളിവ് ലഭിച്ചാൽ ലോറി ഉടമയെയും പ്രതി ആക്കും. പ്രതിപക്ഷവും പ്രതിപക്ഷത്തിന് വേണ്ടി ആർത്ത് വിളിക്കുന്ന മാധ്യമങ്ങളും ചേർന്നാൽ ഒരാളെ പ്രതിയാക്കാനാകില്ല. തെളിവ് ഉണ്ടെങ്കിൽ ആരെയും സംരക്ഷിക്കില്ല. ആരെങ്കിലും പറയുന്നത് കേട്ട് പ്രതി ആക്കാൻ ഇല്ലെന്നും മന്ത്രി പറഞ്ഞു.