തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ കാരകോണത്ത് 51 വയസുകാരി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. ത്രേസ്യപുരം സ്വദേശിയായ ശാഖയെയാണ് ഇന്ന് രാവിലെ വീടിനുള്ളിലെ ഹാളില്‍ ബോധരഹിതയായി കമഴ്‌ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ശാഖയ്‌ക്ക് ഷോക്കേറ്റാതാണെന്നാണ് ഭര്‍ത്താവ് അരുണ്‍ നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ട് മാസം മുന്‍പാണ് നെയ്യാറ്റിന്‍കര പത്താംകല്ല് സ്വദേശിയായ അരുണ്‍ എന്ന 26 വയസുകാരനുമായി ശാഖയുടെ വിവാഹം കഴിയുന്നത്. രണ്ട് വർഷം മുന്‍പ് ശാഖയുടെ അമ്മ ഫിലോമിനയെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോഴായിരുന്നു അരുണുമായി പരിചയപ്പെട്ടതും പരിചയം പിന്നീട് വിവാഹത്തിന് വഴിയൊരുക്കിയതും.
കഴിഞ്ഞ ഒക്ടോബർ 20ന് ത്രേസ്യാപുരത്തെ പള്ളിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. എന്നാൽ വിവാഹ സമയം മുതൽ തന്നെ അരുണിന്‍റെ ബന്ധുക്കള്‍ വരാതിരുന്നതും നാട്ടുകാര്‍ക്കിടയിലും ബന്ധുക്കള്‍ക്കിടയിലും സംശയമുണ്ടാക്കിയിരുന്നു. വിവാഹത്തിനോട് ശാഖയുടെ വീട്ടുകാരും എതിർത്തിരുന്നു. കിടപ്പ് രോഗിയായ അമ്മയും ശാഖയും അരുണും മാത്രമാണ് വീട്ടിലുള്ളത്.