തിരുവനന്തപുരം :കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാര്‍ വില്ലേജില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിന് സമാനമായ ദുരന്തമായാണ് കണിച്ചാര്‍ ദുരന്തത്തേയും കണക്കാക്കുക. പ്രളയത്തില്‍ അനുവദിച്ചത് പോലെയുള്ള നാശനഷ്‌ടത്തിന് നഷ്‌ടപരിഹാരം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പൂര്‍ണ്ണമായും വീട് നഷ്‌ടപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നടക്കം നാല് ലക്ഷം രൂപ നല്‍കും. ഭാഗികമായി നാശനഷ്‌ടം സംഭവിച്ചവര്‍ക്ക് നഷ്‌ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കും. ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് പരമാവധി നാല് ലക്ഷവും, പെട്ടിമുടി ദുരന്തത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് അനുവദിച്ചത് പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപയും അനുവദിക്കും.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങാന്‍ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിര്‍ന്ന വ്യക്തികള്‍ക്ക് 100 രൂപ വീതവും 33 കുട്ടികള്‍ക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നല്‍കും. റോഡുകള്‍, കെട്ടിടങ്ങള്‍, വീടുകള്‍, പാലങ്ങള്‍, കലുങ്കുകള്‍, വൈദ്യുതി പോസ്റ്റുകള്‍, കൃഷി, മൃഗസംരക്ഷണം, കുടിവെള്ള സ്രോതസുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതിന് നഷ്‌ടം ക്ലെയിം ചെയ്യുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും.
തൊഴില്‍ നഷ്‌ട ദുരിതാശ്വാസ സഹായം എന്ന നിലയില്‍ ദുരന്തബാധിതര്‍ക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും മറ്റും അടിയന്തര ധനസഹായം നല്‍കുന്നതിനും കണ്ണൂര്‍ ജില്ല കലക്‌ര്‍ക്ക് 20 ലക്ഷം രൂപ അഡ്വാന്‍സ് ആയി അനുവദിക്കാനും മന്ത്രിസഭ യോഗത്തിൽ തീരുമാനമായി.
മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
താലൂക്ക് തല അദാലത്തില്‍ മാറ്റിവയ്‌ക്കപ്പെട്ട പരാതികള്‍ തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥ യോഗങ്ങള്‍ :താലൂക്ക് തല അദാലത്തില്‍ ലഭിച്ചതും, ജില്ല തലത്തില്‍ തീര്‍പ്പാക്കുന്നതിനായി മാറ്റി വച്ചതുമായ പരാതികള്‍ പരിഹരിക്കുന്നതിന് മന്ത്രിമാര്‍ പങ്കെടുത്ത് ജില്ലകളില്‍ ഉദ്യോഗസ്ഥ യോഗങ്ങള്‍ ചേരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍ എന്നീ ജില്ലകളിലെ യോഗം ജൂലൈ 10നും ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജൂലൈ 13നും വയനാട്, കാസര്‍കോട്, ആലപ്പുഴ ജൂലൈ 24നും നടക്കും. പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കും.