കമല്ഹാസന് കേരളീയം വേദിയില്‍ തിരുവനന്തപുരം: കേരളത്തെയും ആഗോള പ്രശംസ നേടിയ കേരള മാതൃകയെയും വാനോളം പുകഴ്ത്തി തെന്നിന്ത്യന്‍ ചലച്ചിത്ര താരം കമല്‍ഹാസന്‍. കേരളീയം ഉദ്ഘാടന വേദിയിലാണ് ഉലകനായകന്‍ മനസുതുറന്നത്.
കേരളീയത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ കമല്‍ഹാസനെ വന്‍ ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. മലയാളത്തില്‍ നമസ്‌കാരം ചൊല്ലി പ്രസംഗമാരംഭിച്ചെങ്കിലും കേരളത്തെ കുറിച്ചുള്ള തന്‍റെ അഭിപ്രായം ലോകമറിയണമെങ്കില്‍ പ്രസംഗം ഇംഗ്ലീഷിലായിരിക്കണമെന്നും അതിനാല്‍ താന്‍ പ്രസംഗം ഇംഗ്ലീഷിലേക്ക് മാറ്റുകയാണെന്നും പറഞ്ഞ് അദ്ദേഹം പ്രസംഗം മുഴുവന്‍ ഇംഗ്ലീഷിലാക്കി.
കേരളത്തെക്കുറിച്ച് വാചാലനായി: തന്നെ സംബന്ധിച്ചിടത്തോളം കേരളം തികച്ചും പ്രത്യേകത നിറഞ്ഞ നാടാണ്. താന്‍ രണ്ട് നിലകളിലാണ് അറിയപ്പെടുന്നത്. കലാകാരന്‍ എന്ന നിലയിലും രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും. ഈ രണ്ട് രംഗങ്ങള്‍ക്കുമപ്പുറം പഠിക്കുന്നതിനും പ്രചോദനമുള്‍ക്കൊള്ളുന്നതിനുമാണ് താന്‍ കേരളത്തിലെത്തുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.
കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്‌ത കണ്ണും കരളും എന്ന മലയാള സിനിമയിലഭിനയിക്കുന്നതിനാണ് ഏഴുവയസുകാരനായ താന്‍ കേരളത്തിലെത്തുന്നത്. കേരളത്തിന്‍റെ സാസ്‌കാരിക പരിസരം സൃഷ്‌ടിക്കുന്നതില്‍ സിനിമ വ്യവസായത്തിന് നിര്‍ണായകമായ പങ്കാണുള്ളത്. സാമൂഹിക വിഷയങ്ങളെ അഭിമുഖീകരിക്കുന്ന മലയാള സിനിമകള്‍ക്ക് ലോകം മുഴുവന്‍ ആരാധാകരെ സൃഷ്‌ടിക്കാന്‍ സാധിക്കുന്നുണ്ടെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.
രാഷ്‌ട്രീയവും പിണറായിയും:2017ല്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിക്കുമ്പോള്‍ താന്‍ ആദ്യം സമീപിക്കുന്നത് പിണറായി വിജയനെയാണ്. ഇവിടെ വന്ന് അന്ന് അദ്ദേഹത്തിന്‍റെ ഉപദേശം തേടിയാണ് താന്‍ രാഷ്ട്രീയ പ്രവേശം നടത്തിയത്. കേരള മോഡല്‍ വികസനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് എന്‍റെ ജനപക്ഷ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് കേരളം:തമിഴ്‌നാട്ടിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കേരളത്തെ മാതൃകയാക്കണം എന്ന അഭിപ്രായക്കാരനാണ് താന്‍. 1996ല്‍ കേരളത്തില്‍ നടപ്പാക്കിയ ജനകീയ ആസൂത്രണം താഴെ തട്ടില്‍ അധികാര വികേന്ദ്രീകരണത്തിന് കാരണമായി. അതാണ് കേരളത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടതെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.
കേരള മോഡല്‍ എന്നത് അതുല്യമാണ്. കേരളത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ, ഭു മേഖലകളെല്ലാം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലാണ്. ഇക്കഴിഞ്ഞ കൊവിഡ് കാലത്ത് കേരളത്തിലെ ആയിരത്തോളം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടത്തിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണ്. തദ്ദേശഭരണ സ്ഥാപനങ്ങളെ വികേന്ദ്രീകരിക്കുകയാണ് നമ്മുടെ രാജ്യത്തിന്‍റെ വികസനത്തിനാവശ്യം. കേരളവും തമിഴ്‌നാടും ഭൂമി ശാസ്‌ത്രപരമായി മാത്രമല്ല, സാംസ്‌കാരികമായും വിനിമയ ബന്ധമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാടിന്‍റെയും മലയാളത്തിന്‍റെയും ഭാഷാപരമായ ബന്ധം തീരെ കുട്ടിയായിരിക്കെ സിനിമയിലെത്തിയ തനിക്ക് വളരെ സഹായകമായിരുന്നു. ഇക്കാര്യങ്ങള്‍ ലോകത്തോടു വിളിച്ചുപറയാനാണ് താന്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ചതെന്നും കമല്‍ഹാസന്‍ പറഞ്ഞു. നമസ്‌കാരത്തോടെ പ്രസംഗം ആരംഭിക്കുമ്പോഴും സദസില്‍ നിന്ന് നിലയ്ക്കാത്ത കയ്യടി കമല്‍ഹാസന് ലഭിച്ചു. വേദിയിലുണ്ടായിരുന്ന മമ്മൂട്ടിയെ മമ്മൂട്ടി സാറെന്നും മോഹന്‍ലാലിനെ മോഹന്‍ലാല്‍ സാറെന്നും കമല്‍ഹാസന്‍ അഭിസംബോധന ചെയ്‌തതിനെ കരഘോഷം മുഴക്കിയാണ് സദസ് സ്വീകരിച്ചത്.
Also Read: കേരളീയം ആദ്യ എഡിഷന് തലസ്ഥാന നഗരിയിൽ പ്രൗഢ ഗംഭീര തുടക്കം; ബഹിഷ്‌കരിച്ച് പ്രതിപക്ഷം