തിരുവനന്തപുരം:നടുറോഡില്‍ മോട്ടോര്‍ ബൈക്കില്‍ യുവാവ് നടത്തിയ അഭ്യാസപ്രകടനത്തിനിടെ വഴിയാത്രക്കാരിയായ വിദ്യാര്‍ഥിനിയെ ഇടിച്ചുവീഴ്‌ത്തി. തിരുവനന്തപുരം കല്ലമ്പലത്താണ് അപകടം. ഫെബ്രുവരി ഒന്‍പതിനുണ്ടായ സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നു. നൗഫല്‍ എന്ന യുവാവാണ് വിദ്യര്‍ഥിനിയെ ഇടിച്ചിട്ടത്.
CCTV Visual| നടുറോഡില്‍ ബൈക്ക് അഭ്യാസം, വിദ്യാര്‍ഥിനിയെ ഇടിച്ചിട്ട് 18കാരന്‍; ലൈസന്‍സ് റദ്ദാക്കും - തിരുവനന്തപുരം
അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് നിരവധി കേസുകള്‍ 18കാരനെതിരെയുള്ള സാഹചര്യത്തിലാണ് ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം
അപകടത്തില്‍ വിദ്യാര്‍ഥിനിയ്‌ക്ക് നിസാരമായും യുവാവിന് ഗുരുതരമായും പരിക്കേറ്റു. വിദ്യാര്‍ഥിനികള്‍ നടന്നുപോവുന്ന സമയത്ത് അഭ്യാസ പ്രകടനം നടത്തുന്നത് 18 വയസുകരനായ നൗഫലിന്‍റെ സ്ഥിരം രീതിയാണ്. ഇത്തരത്തില്‍ ഏഴ് കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. റോഡിലൂടെ നടന്നുപോവുന്ന വിദ്യാര്‍ഥിനിയുടെ സമീപത്തേക്ക് ബൈക്കില്‍ എത്തുന്നതിനിടെ മുന്‍ ചക്രം ഉയര്‍ത്തി അഭ്യാസം പ്രകടനം നടത്താനാണ് നൗഫല്‍ ശ്രമിച്ചത്. എന്നാല്‍, ബൈക്കിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട് വിദ്യാര്‍ഥിനിയെ ഇടിച്ചിടുകയായിരുന്നു.
നടപടിക്കൊരുങ്ങി എംവിഡി:സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതില്‍ നിരവധി വിദ്യര്‍ഥിനികള്‍ നടന്നുപോവുന്നതിനിടെ അഭ്യാസം നടത്തുന്നതും വിദ്യാര്‍ഥിനിയെ ഇടിച്ചിടുന്നതും വ്യക്തമാണ്. ഈ ദൃശ്യങ്ങളിലൂടെയാണ് നൗഫലിനെ തിരിച്ചറിഞ്ഞത്. അപകടം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് 19,250 രൂപ പിഴയടച്ച് ഇയാള്‍ വാഹനം വെഞ്ഞാറമൂട് സ്റ്റേഷനില്‍ നിന്നുമിറക്കിയത്. നിരവധി കേസുകളായതോടെ നൗഫലിന്‍റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.