കേരളം

kerala

By

Published : Jan 14, 2020, 10:00 AM IST

ETV Bharat / state

കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി കേരള-തമിഴ്‌നാട് പൊലീസ്

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

കളിയിക്കാവിള കൊലപാതകം  കേരളാ-തമിഴ്‌നാട് പൊലീസ്  Kaliyikkavila murder  Kerala-Tamil Nadu Police  തിരുവനന്തപുരം വാര്‍ത്തകള്‍  thiruvanthapuram latest news
കളിയിക്കാവിള കൊലപാതകം

തിരുവനന്തപുരം: കളിയിക്കാവിള കൊലക്കേസിലെ മുഖ്യപ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി കേരളാ-തമിഴ്‌നാട് പൊലീസ്. കേസിലെ മുഖ്യപ്രതികളായ അബ്‌ദുള്‍ ഷമീം, തൗഫീക്ക് എന്നിവര്‍ കൊലപാതകം നടക്കുന്നതിന് മുമ്പ് നെയ്യാറ്റിന്‍കരയില്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയതോടെ പൊലീസ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

കൃത്യം നടന്നതിന്‍റെ തലേ ദിവസവും പ്രതികള്‍ നെയ്യാറ്റിന്‍ക്കര ടി.ബി. ജങ്‌ഷനില്‍ എത്തിയതായി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്‌തത് കേരളത്തിലാണെന്ന സൂചന പൊലീസിന് ലഭിച്ചത്. പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലര്‍ പൊലീസ് നിരീക്ഷണത്തിലാണ്. അന്വേഷണത്തിന്‍റെ ഭാഗമായി തമിഴ്‌നാട് പൊലീസിന്‍റെ ഒരു സംഘം നെയ്യാറ്റിന്‍കരയില്‍ ക്യാമ്പ് ചെയ്‌തിരിക്കുകയാണ്.

അതേസമയം കളിയക്കാവിള സ്വദേശിയായ സെയ്‌ദ് അലിയാണ് പ്രതികള്‍ക്ക് വേണ്ട സഹായങ്ങള്‍ ഒരുക്കിയതെന്നാണ് തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട് ക്യൂബ്രാഞ്ച് സംഭവം നടന്ന അടുത്ത ദിവസം ചോദ്യം ചെയ്‌ത് വിട്ടയച്ചതിന് ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്. നെയ്യാറ്റിന്‍ക്കര കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഒരു ആരാധനാലയത്തില്‍ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പത്താംകല്ലിന് സമീപം വീട് വാടകക്കെടുത്ത് താമസിച്ചിരുന്നെന്നും ആ വീട് തരപ്പെടുത്തി നല്‍കിയത് സെയ്‌ദ് അലിയാണെന്നുമാണ് പൊലീസിന് ലഭിച്ച സൂചന. കൃത്യം നടന്ന ദിവസം രാവിലെ ഇയാളെ പലരും സംഭവസ്ഥലത്ത് കണ്ടതായി പറഞ്ഞിരുന്നു. കളിയിക്കാവിള സ്വദേശിയായ ഇയാള്‍ വിതുരയില്‍ കമ്പ്യൂട്ടര്‍ സെന്‍റര്‍ നടത്തുകയാണെന്നുമാണ് പൊലീസ് കണ്ടെത്തല്‍.

അതേസമയം കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് മുംബൈയില്‍ നിന്നുമാണ് വാങ്ങിയതെന്ന് ബെംഗളൂരുവില്‍ നിന്നും പിടിയിലായ ഇജാസ് ബാഷ മൊഴി നല്‍കിയതായി തമിഴ്‌നാട് ക്യൂബ്രാഞ്ച് പറഞ്ഞു. മുംബൈയില്‍ നിന്നും ഇജാസാണ് തോക്ക് വാങ്ങിയത്. തോക്ക് മുഖ്യപ്രതികള്‍ക്ക് കൈമാറിയതും താന്‍ തന്നെയാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ബെംഗളൂരുവില്‍ നിന്നും കസ്റ്റഡിയിലെടുത്തവരെ ചൊവ്വാഴ്‌ച തമിഴിനാട് ക്യൂ ബ്രാഞ്ചിന് കൈമാറും.

ABOUT THE AUTHOR

...view details