തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ചയാൾ മരിച്ചതിനെ തുടർന്ന് പോത്തൻകോട് ഉണ്ടായിരുന്ന എല്ലാ ആശങ്കകളും മറികടക്കാൻ സാധിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ പോത്തൻകോട് നടത്തിയ എല്ലാ സ്രവ പരിശോധനാ ഫലങ്ങളും ചികിത്സയിലുള്ള പോത്തൻകോട് സ്വദേശിയുടെ ബന്ധുക്കളുടെ ഫലവും ഉൾപ്പെടെ നെഗറ്റീവാണ്. ജില്ലയിലെ സ്ഥിതി ആശ്വാസകരമാണ്. എന്നിരുന്നാലും ജാഗ്രത തുടണമെന്നും നിലവിൽ നാലുപേർ മാത്രമാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നതെന്നും മന്ത്രി അറിയിച്ചു.
അതേസമയം മരിച്ച അബ്ദുൾ അസീസിൻ്റെ രോഗ ഉറവിടം ഇതു വരെ കണ്ടെത്താനായിട്ടില്ല. ചുള്ളിമാനൂരിൽ നിരീക്ഷണത്തിലുള്ള വീട്ടുകാർക്കെതിരെ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പോത്തൻകോട്ട് നടക്കുന്ന ദുഷ് പ്രചരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.