തിരുവനന്തപുരം: കെല്‍ട്രോണിനെതിരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പരാമര്‍ശം നാക്കുപിഴയല്ല, യുഡിഎഫ് രാഷ്‌ട്രീയമാണെന്ന് കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്‍റ് കടകംപള്ളി സുരേന്ദ്രന്‍. പൊതുമേഖല സ്ഥാപനങ്ങള്‍ പൂട്ടിക്കുക, സ്വകാര്യവത്കരിക്കുക തുടങ്ങിയവ യുഡിഎഫിന്‍റെ രാഷ്‌ട്രീയമാണ്. കെല്‍ട്രോണിനെ തകര്‍ക്കാനുള്ള ശ്രമം യുഡിഎഫ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും കമ്പനിയെയും അവിടുത്തെ ജീവനക്കാരുടെ പ്രയത്നത്തെയും അവഹേളിക്കുന്ന പ്രസ്‌താവന തിരുവഞ്ചൂര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു (Kadakampally Surendran Against Thiruvanchoor Radhakrishnan).
ഇന്നലെ (12-09-2023) നിയമസഭയില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ കെൽട്രോണ്‍ വിരുദ്ധ പരാമര്‍ശം. എഐ ക്യാമറ വിവാദ ചര്‍ച്ചയില്‍ കെല്‍ട്രോണ്‍ നോക്കുകുത്തിയാണെന്നും ഒരു നട്ട് പോലും ഉണ്ടാക്കുന്നില്ലെന്നുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചത്. കെല്‍ട്രോണിനെ പഴയ പ്രതാപത്തില്‍ എത്തിക്കുമെന്ന് അറിയിച്ചാണ് പിണറായി സര്‍ക്കാര്‍ 2016ല്‍ അധികാരത്തിലെത്തിയത്.
ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ഉണ്ടായതല്ല കെല്‍ട്രോണിന്‍റെ വളര്‍ച്ചയെന്നും പൊതുമേഖലയെ സംരക്ഷിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കിയ നയങ്ങളുടെയും നല്‍കിയ പിന്തുണയുടെയും ഫലമാണെന്നും കടകംപള്ളി പറഞ്ഞു. ഒരു കാലത്ത് വെള്ളാന എന്ന് വിളിക്കപ്പെട്ടിരുന്ന കെല്‍ട്രോണ്‍ ഗ്രൂപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനവുമായി, 2021-22 സാമ്പത്തിക വര്‍ഷം 522 കോടിയുടെ വിറ്റുവരവും 20 കോടിയുടെ അറ്റാദായവും സ്വന്തമാക്കി. 2026ല്‍ 1000 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്നാണ് വ്യവസായമന്ത്രി പറയുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കടകംപള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ് :അത് നാക്ക് പിഴയല്ല, തികട്ടി വന്നത് യുഡിഎഫിന്‍റെ രാഷ്‌ട്രീയം... രാജ്യത്തിന്‍റെ അഭിമാനമായ ചന്ദ്രയാന്‍ 3 മിഷനില്‍ നാല്‍പ്പത്തിയൊന്ന് വിവിധ ഇലക്ട്രോണിക്‌സ് മൊഡ്യൂള്‍ പാക്കേജുകള്‍ നിര്‍മിച്ചുനല്‍കിയ കേരളത്തിന്‍റെ അഭിമാന സ്ഥാപനം കെല്‍ട്രോണിനെ 'ഒരു സ്‌ക്രൂ പോലും ഉണ്ടാക്കാത്ത, ഒരു നട്ട് പോലും ഇടാത്ത, ഒന്നും ചെയ്യാത്ത കെല്‍ട്രോണ്‍' എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞത് നാക്കുപിഴയല്ല, യുഡിഎഫ് രാഷ്‌ട്രീയമാണ്.
പൊതുമേഖല സ്ഥാപനങ്ങള്‍ പൂട്ടിക്കുക, സ്വകാര്യവത്കരിക്കുക തുടങ്ങിയവ യുഡിഎഫിന്‍റെ രാഷ്‌ട്രീയമാണ്. കെല്‍ട്രോണിന്‍റെ കാര്യം തന്നെയെടുത്താല്‍, അതിനെ തകര്‍ക്കാനുള്ള ശ്രമം യുഡിഎഫ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1973 ആഗസ്റ്റ് 30 ന് ആരംഭിച്ച് കേവലം 90 ലക്ഷം രൂപയുടെ അറ്റാദായം മാത്രം ഉണ്ടായിരുന്ന കമ്പനി 70 കോടി അറ്റാദായമുള്ള കമ്പനിയായി വളരെ പെട്ടെന്ന് തന്നെ വളര്‍ന്നു. സ്വപ്നത്തിലെന്ന വിധം ടെലിവിഷനും കാല്‍ക്കുലേറ്ററും കേരളത്തിന് പുറത്ത് ബ്രാഞ്ചുകളുമൊക്കെയായി കുതിച്ച കെല്‍ട്രോണിന്‍റെ ഇരുണ്ട നാളുകള്‍ തുടങ്ങുന്നത് നരസിംഹറാവുവും കോണ്‍ഗ്രസും നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളെ തുടര്‍ന്നാണ്.
അന്ന് കാലിടറിയ കെല്‍ട്രോണിനെ സഹായിക്കുവാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരും തയ്യാറായിരുന്നില്ല. നിരവധി യൂണിറ്റുകള്‍ അക്കാലത്ത് അടച്ചുപൂട്ടി. 750 ഓളം ജീവനക്കാരാണ് അന്ന് വിആര്‍എസ് എടുത്തത്.
ഇതിനുപിന്നാലെ സ്വകാര്യവത്കരിക്കുവാനുള്ള യുഡിഎഫ് സര്‍ക്കാരിന്‍റെ ശ്രമങ്ങളും കൂടിയായതോടെ കെല്‍ട്രോണിന്‍റെ പതനം പൂര്‍ത്തിയായി. എന്നാല്‍ ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ഫീനിക്‌സ് പക്ഷിയെപ്പോലെ പ്രതിസന്ധികളെ അതിജീവിക്കുന്ന കെല്‍ട്രോണിനെ ആണ് 1996 ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ നമുക്ക് കാണുവാനാവുക. സുശീല ഗോപാലന്‍ സഖാവിന്‍റെ നേതൃത്വത്തില്‍ കെല്‍ട്രോണിനെ ഇടതുപക്ഷ സര്‍ക്കാര്‍ കൈപിടിച്ചുയര്‍ത്തുകയായിരുന്നു.