കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്; ഒന്നാം പ്രതിയുടെ വിടുതൽ ഹർജിയിൽ വിധി നാളെ
തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക
തിരുവനന്തപുരം:കടകംപള്ളി ഭൂമി തട്ടിപ്പ് കേസിലെ ഒന്നാം പ്രതി എ.എം മുഹമ്മദ് അഷറഫ് നൽകിയ വിടുതൽ ഹർജിയിൽ വിധി നാളെ. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. പ്രതിയുടെ വിടുതൽ ഹർജി അനുവദിച്ചാൽ അത് കേസ് അട്ടിമറിക്കുന്നതിന് തുല്യമാകുമെന്നാണ് സിബിഐ കോടതിയിൽ വാദിച്ചത്. എന്നാൽ സ്വന്തം ഭൂമി കൈമാറുന്നതിൽ എന്താണ് തെറ്റ് എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. വ്യാജ തണ്ടപ്പേരില്‍ പ്രമാണങ്ങൾ നിർമിച്ച് ഇരുപതോളം ആധാരങ്ങൾ ഉണ്ടാക്കി 44.5 ഏക്കർ ഭൂമി തട്ടിയെടുത്തുവെന്നാണ് സിബിഐ കേസ്. മുൻ വില്ലേജ് ഓഫീസർ, ആധാര എഴുത്തുകാരൻ എന്നിവർ ഉൾപ്പെടെ മൂന്നു പ്രതികളാണ് കേസിലുള്ളത്.