കേരളം

kerala

ETV Bharat / state

ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ നരേന്ദ്ര മോദിക്കെതിരെ വിധിയെഴുതണമെന്ന് കാനം - പോരാട്ടം

കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച കാനം രാഹുൽ ഗാന്ധി ബിജെപിക്കെതിരെ കർണാടകത്തിൽ മത്സരിക്കാതെ കേരളത്തിൽ വന്നിരിക്കുന്നത് ഇടതുപക്ഷത്തിനെതിരെ മത്സരിക്കാനാണെന്നും പറഞ്ഞു.

കാനം രാജേന്ദ്രൻ

By

Published : Apr 21, 2019, 3:39 AM IST

തിരുവനന്തപുരം : ഇന്ത്യൻ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ ജനങ്ങൾ നരേന്ദ്ര മോദിക്കെതിരെ വിധിയെഴുതണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണഘടനയെ ചവിട്ടി മെതിക്കുന്ന സമീപനമാണ് മോദി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതി ജഡ്ജിമാർ പോലും മോദി സർക്കാർ പറയുന്നതു പോലെ ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ചാതുർവർണ്യ വ്യവസ്ഥിതി പുനർ സ്ഥാപിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും കാനം പറഞ്ഞു.

രാജ്യത്തെ കർഷകരും തൊഴിലാളി വർഗവും ബിജെപി സർക്കാരിനെതിരെ നിരന്തര പ്രക്ഷോഭങ്ങളിലാണ്. ലോക്സഭയിലെ പകുതിയിലധികം എംപിമാരും ശത കോടീശ്വരന്മാരാണ്. ഇവർ ഇവിടുത്തെ കോർപ്പറേറ്റുകൾക്കു വേണ്ടിയാണ് ഭരണം നടത്തുന്നത്. ഇതിനെതിരെ പ്രതികരിക്കാൻ എൽഡിഎഫിന് മാത്രമേ കഴിയൂ. എൽഡിഎഫ് എംപിമാരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും കാനം കൂട്ടിച്ചേർത്തു.

എകെ ആന്‍റണി കേരളത്തിൽ വന്ന് കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ശ്രമിക്കുന്നത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ആന്‍റണി പറയുന്നത്. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതും ജനതാല്പര്യത്തിനെതിരാണ്. ബിജെപിക്കെതിരെ കർണാടകത്തിൽ മത്സരിക്കാതെ ഇടതുപക്ഷത്തിനെതിരെ മത്സരിക്കാനാണ് രാഹുൽ കേരളത്തിൽ വന്നിരിക്കുന്നതെന്നും കാനം ആരോപിച്ചു. തിരുവനന്തപുരം വെങ്ങാനൂരിൽ എൽഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം.

ABOUT THE AUTHOR

...view details