തിരുവനന്തപുരം : കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം സഹകരിക്കുന്ന കെ വി തോമസിന് ഒടുവില്‍ പദവി. ഡല്‍ഹിയില്‍, സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധിയായാണ് തോമസിനെ നിയോഗിച്ചിരിക്കുന്നത്. ക്യാബിനറ്റ് റാങ്കിലാണ് നിയമനം.
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തോമസിന്‍റെ നിയമനം അംഗീകരിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതുമുതല്‍ കോണ്‍ഗ്രസുമായി കെ വി തോമസ് ഇടഞ്ഞുനില്‍ക്കുകയായിരുന്നു. പിന്നീട് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് തോമസും കോണ്‍ഗ്രസും തമ്മില്‍ തെറ്റിയത്.
പിന്നാലെ തോമസ് കൂടുതല്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാടെടുത്തതോടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പാണ് തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയത്. ഉപതെരഞ്ഞെടുപ്പിലടക്കം ഇടത് സ്ഥാനാര്‍ഥിക്കായി സജീവമായി തോമസ് രംഗത്തിറങ്ങിയിരുന്നു.
എന്നാല്‍, 8 മാസം കഴിഞ്ഞിട്ടും കെ വി തോമസിന് പദവി നല്‍കാത്തതിനെ കോണ്‍ഗ്രസടക്കം പരിഹസിച്ചിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് ഉന്നത പദവി തന്നെ തോമസിന് നല്‍കിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരുമായുള്ള അടുപ്പവും ഡല്‍ഹിയിലെ പ്രവര്‍ത്തി പരിചയവും കണക്കിലെടുത്താണ് നിയമനം.
നേരത്തെ ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേക്കടക്കം തോമസിനെ പരിഗണിക്കുന്നതായി വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായാണ് ഡല്‍ഹിയിലെ നിയമന തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി വേണു രാജാമണി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇത് കൂടാതെയാണ് കേന്ദ്രസര്‍ക്കാറുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കെ വി തോമസിനെ കൂടി നിയമിക്കുന്നത്. കേന്ദ്രസര്‍ക്കാറില്‍ നിന്ന് കൂടുതല്‍ അനുകൂല നിലപാടുകളും പദ്ധതികളും നേടിയെടുക്കാനാണ് ഇത്തരമൊരു നിയമനം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. മുന്‍ എംപി എ സമ്പത്തിനെയാണ് ഇത്തരമൊരു പദവിയില്‍ സര്‍ക്കാര്‍ ആദ്യം നിയമിച്ചത്.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലെ നിയമനത്തിലൂടെ സിപിഎം വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് സിപിഎമ്മിലേക്ക് എത്തുന്നവരെ സംരക്ഷിക്കുമെന്ന രാഷ്ട്രീയ നിലപാടാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ശശി തരൂരടക്കം കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്നവരെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമായും ഇതിനെ വിലയിരുത്താം.