തിരുവനന്തപുരം:കൈ വെട്ട് കേസിലെ ഒന്നാം പ്രതിക്ക് ഒളിവില്‍ കഴിയാന്‍ പ്രാദേശിക സഹായം ലഭിച്ചെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍ ഗൗരവത്തോടെ കാണണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. തീവ്രവാദികൾക്ക് സുരക്ഷിത താവളമായി കേരളം മാറി. മട്ടന്നൂർ സിപിഎമ്മിന് ഏറ്റവും കൂടുതൽ പാർട്ടി ഗ്രാമങ്ങൾ ഉള്ള സ്ഥലമാണ്. ഐ എസ് റിക്രൂട്ട്മെന്‍റ് നടക്കുന്നത് കണ്ണൂരിൽ നിന്നാണെന്നും കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
സിപിഎമ്മിന്‍റെ പാർട്ടി ഗ്രാമത്തിൽ മറ്റാർക്കും പ്രവേശനമില്ല. മതഭീകരർക്ക് ഒളിവിൽ കഴിയാൻ പറ്റുന്ന ഇടങ്ങളാണ് പാർട്ടി ഗ്രാമങ്ങളെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ആഭ്യന്തരവകുപ്പ് ഇതിന് മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേസില്‍ ഇനി മൂന്നാം ഘട്ട വിചാരണ:ദേശീയ ശ്രദ്ധയാകർഷിച്ച തൊടുപുഴയിലെ അധ്യാപകന്‍റെ കൈവെട്ട് കേസില്‍ (Thodupuzha hand chopping case ) പിടികിട്ടാപുള്ളിയായ ഒന്നാം പ്രതി സവാദ് പിടിയിലായതോടെ മൂന്നാം ഘട്ട വിചാരണ നടപടികൾക്ക് തുടക്കമാകും. രാജ്യത്ത് തന്നെ അത്യപൂർവ്വമായ കേസിൽ വിചാരണ നടപടികളിലും അപൂർവത പ്രതിഫലിക്കുകകയാണ്. പ്രമാദമായ കേസിൽ യുഎപിഎ ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി ഒന്നാം പ്രതിയൊഴികെയുള്ള കുറ്റാരോപിതർക്ക് രണ്ട് ഘട്ടങ്ങളിലായി കലൂരിലെ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും വിചാരണ നടപടികൾ പൂർത്തിയാക്കുകയും ചെയ്‌തിരുന്നു.
പ്രതികളായ പത്തൊമ്പത് പേരെ ശിക്ഷിക്കുകയും ചെയ്‌തിരുന്നു. ഒന്നാം പ്രതി സവാദിനെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസും, പാരിതോഷികവും പ്രഖ്യാപിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. രാജ്യത്തിനകത്തും പുറത്തും വിശദമായ അന്വേഷണം നടത്തിയെങ്കിലും പ്രതി കാണാമറയത്തായിരുന്നു.
ഒന്നാം പ്രതി പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: ഏറ്റവും ഒടുവിൽ എൻഐഎക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അതീവ രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിലാണ് സവാദ് മട്ടന്നൂരിൽ നിന്നും പിടിയിലായത് (Thodupuzha hand chopping case first accused arrested). മട്ടന്നൂരിലെ ബേരത്ത് ഷാജഹാൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി മരപ്പണിക്കാരനായി കഴിയുകയായിരുന്ന പ്രതി സവാദ്. ചൊവ്വാഴ്‌ച അർധരാത്രിയായിരുന്നു എൻഐഎ (NIA) സംഘം പ്രതി കഴിയുകയായിരുന്ന വാടക വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.