കേരളം

kerala

ETV Bharat / state

'ഇനിയെങ്കിലും കോണ്‍ഗ്രസ് ഇവിഎമ്മിനെ കുറ്റം പറയരുത്'; ബിജെപി ക്രിയാത്മക പ്രതിപക്ഷമാകുമെന്ന് കെ സുരേന്ദ്രന്‍ - K Surendran on Karnataka Assembly election result

സീറ്റ് കുറഞ്ഞെങ്കിലും കഴിഞ്ഞ തവണ ലഭിച്ച 36 ശതമാനം വോട്ട് ബിജെപിക്ക് ഇത്തവണയും നിലനിര്‍ത്താനായെന്ന് കെ സുരേന്ദ്രൻ

ബിജെപി  കെ സുരേന്ദ്രന്‍  കര്‍ണാടക  കര്‍ണാടക തെരഞ്ഞെടുപ്പ്  കർണാടക നിയമസഭ തെരഞ്ഞെടുപ്പ് 2023  K Surendran  BJP  K Surendran on Karnataka Assembly election result  Karnataka Assembly election result
കെ സുരേന്ദ്രന്‍

By

Published : May 13, 2023, 7:20 PM IST

Updated : May 16, 2023, 1:37 PM IST

തിരുവനന്തപുരം:കര്‍ണാടകയിലെ ജനവിധി അംഗീകരിച്ച് ബിജെപി ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് ബിജെപി കേരള അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനവിധിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഇലക്ട്രോണിക് വോട്ടിങ് മെഷീനെ കുറ്റം പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

തെരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും ജനാധിപത്യത്തിന്‍റെ ഭാഗമാണ്. കോണ്‍ഗ്രസ് തോറ്റാല്‍ അവര്‍ ഇവിഎമ്മിനെയും ഭരണഘടന സ്ഥാപനങ്ങളെയും ജനങ്ങളെയും അപമാനിക്കുകയാണ് പതിവ്. ഈ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് ജനാധിപത്യത്തിലുള്ള വിശ്വാസം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാമെന്നും സുരേന്ദ്രന്‍ പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.

സീറ്റ് കുറഞ്ഞെങ്കിലും ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച 36 ശതമാനം വോട്ട് ഇത്തവണയും നിലനിര്‍ത്താനായി. എന്നാല്‍ ജെഡിഎസിന് 18 ശതമാനം വോട്ട് ഉണ്ടായിരുന്നത് 13 ശതമാനമായി കൂപ്പുകുത്തി. ജെഡിഎസിന്‍റെയും എസ്‌ഡിപിഐയുടെയും വോട്ട് സമാഹരിക്കാൻ ഇത്തവണ കോണ്‍ഗ്രസിനായി.

അത് കൊണ്ടാണ് കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ച് ശതമാനം വോട്ട് വിഹിതം കൂടുതല്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മുസ്‌ലിം സംവരണവും പിഎഫ്‌ഐ പ്രീണനവും ഉയര്‍ത്തിയാണ് ഇത്തവണ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങളിലൂടെ പ്രൊപ്പഗന്‍ഡ സൃഷ്‌ടിക്കാനാണ് അവര്‍ ശ്രമിച്ചത്.

ഇത്തരം നെഗറ്റീവ് പ്രചരണത്തെ പ്രതിരോധിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടു. ഇനിയെങ്കിലും പിഎഫ്‌ഐ അജണ്ട നടപ്പിലാക്കാതെ കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഉജ്വല വിജയം: അതേസമയം കർണാടകയിൽ വമ്പിച്ച വിജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. 1999ന് ശേഷം കർണാടകയിലെ എക്കാലത്തെയും മികച്ച വിജയമാണ് ഇത്തവണ കോണ്‍ഗ്രസിന്‍റേത്. 224 സീറ്റുകളുള്ള കർണാടക നിയമസഭയിൽ 135 സീറ്റുകൾ നേടിയാണ് കോണ്‍ഗ്രസ് ഉജ്വല വിജയം സ്വന്തമാക്കിയത്.

ബിജെപി 66 സീറ്റുകളിൽ ഒതുങ്ങിയപ്പോൾ ജെഡിഎസ് 19 സീറ്റുകളിലേക്ക് കൂപ്പുകുത്തി. മറ്റുള്ളവർ നാല് സീറ്റുകളിലും വിജയം നേടി. 43.2 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസ് കർണാടകയിൽ നേടിയെടുത്തത്. ബിജെപി 35.7 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ ജെഡി(എസ്) നേടിയത് 13.3 ശതമാനം വോട്ടുകളാണ്.

കഴിഞ്ഞ 5 നിയമസഭ തെരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ ഏറ്റവും ഉയർന്ന വോട്ട് വിഹിതമാണ് ഇക്കുറി കോണ്‍ഗ്രസ് സ്വന്തമാക്കിയത്. 2018 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ വോട്ട് വിഹിതം 38.61% (78 സീറ്റുകൾ) ആയിരുന്നു. ഇത്തവണ കിങ് മേക്കർ ആകുമെന്ന് പ്രവചിച്ച ജെഡിഎസ് മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് ഏറെ പിന്നിൽ പോയ കാഴ്‌ചയാണ് കർണാടകയിൽ ഇന്ന് കണാനായത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിഎസിന് ലഭിച്ചത് 32 സീറ്റുകളായിരുന്നു. ഇക്കുറി അത് 19 സീറ്റുകളായി ചുരുങ്ങുകയായിരുന്നു. കോണ്‍ഗ്രസ് തരംഗത്തിൽ ഇത്തവണ ഒൻപത് ജില്ലകളിൽ ബിജെപിക്ക് അക്കൗണ്ട് പോലും തുറക്കാനായില്ല. എട്ട് ജില്ലകളിൽ ഓരോ സീറ്റുകളിൽ മാത്രം വിജയം നേടിയ ബിജെപി ഏഴ് ജില്ലകളിൽ രണ്ട് മണ്ഡലങ്ങളിൽ വീതമാണ് വിജയം നേടിയത്.

ആറ് സോണുകളിൽ മൂന്നിടത്ത് ബിജെപി ദയനീയമായി തകർന്നടിഞ്ഞ കാഴ്‌ചാണ് ഇന്ന് കാണാനായത്. ഓൾഡ് മൈസൂർ, മധ്യകർണാടക, ഹൈദരാബാദ് കർണാടക, വടക്കൻ കർണാടക എന്നിവിടുങ്ങളിൽ കോണ്‍ഗ്രസ് വ്യക്‌തമായ ആധിപത്യം പുലർത്തി. ബെംഗളൂരു, തീരദേശ മേഖല എന്നിവിടങ്ങളിൽ മാത്രമാണ് ഭരണകക്ഷിയായ ബിജെപിക്ക് കോണ്‍ഗ്രസിന് മേൽ ചെറിയ ആധിപത്യമെങ്കിലും നേടാനായത്.

Last Updated : May 16, 2023, 1:37 PM IST

ABOUT THE AUTHOR

...view details