തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ ചുമതലയേറ്റു. തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയാണ് കെ. സുരേന്ദ്രൻ ചുമതല ഏറ്റെടുത്തത്. പ്രമുഖ നേതാക്കളുടെ അഭാവത്തിലായിരുന്നു ചടങ്ങ്. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി രമേശ്, ശോഭാസുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തില്ല. കേന്ദ്രമന്ത്രി വി. മുരളീധരൻ, ഒ. രാജഗോപാൽ എംഎൽഎ, പി.കെ കൃഷ്‌ണദാസ്, മുൻ ബിജെപി അധ്യക്ഷന്മാർ, സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. മറ്റൊരു ജനറൽ സെക്രട്ടറിയായ എ.എൻ രാധാകൃഷ്‌ണൻ അവസാന നിമിഷമാണ് ചടങ്ങിനെത്തിയത്.
കെ. സുരേന്ദ്രൻ ചുമതലയേറ്റു; വിട്ടു നിന്ന് എംടി രമേശും ശോഭ സുരേന്ദ്രനും
കുമ്മനം രാജശേഖരൻ, എം.ടി രമേശ്, ശോഭാസുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തില്ല
ചടങ്ങിൽ എത്തിയില്ലെങ്കിലും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ സ്വീകരണത്തിൽ എം.ടി രമേശ് പങ്കെടുത്തു. സുരേന്ദ്രനെ അധ്യക്ഷനായി നിയമിച്ചതിലെ അസ്വാരസ്യങ്ങൾ വെളിവാക്കുന്നതായിരുന്നു ഇന്നത്തെ ചടങ്ങ്. വിട്ടുനിന്ന നേതാക്കളെല്ലാം പി.കെ കൃഷ്‌ണദാസ് പക്ഷത്തെ പിന്തുണയ്ക്കുന്നവരാണ്. വിഭാഗീയത സംബന്ധിച്ച ആരോപണങ്ങൾക്ക് പൊതുസമ്മേളനത്തിൽ കെ. സുരേന്ദ്രൻ മറുപടി പറഞ്ഞു. മൂന്നാം ശക്തിയായി ബിജെപി വളരണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും ഇതിനെ ബാധിക്കുന്ന ഒരു പ്രവർത്തനവും പാടില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഇടതു വലതു മുന്നണികൾ അഴിമതിക്കേസുകളിൽ ഒത്തുകളിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. സിഎജി റിപ്പോർട്ട് വന്നപ്പോൾ പ്രതിപക്ഷ വിമർശനം ഉണ്ടാകാതിരിക്കാൻ കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ റെയ്‌ഡ് നടത്തി. ഇരുമുന്നണികളും ഒത്തുകളിച്ച് അഴിമതിക്കാരെ സംരക്ഷിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളത്തെ മാറ്റിയെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയ സുരേന്ദ്രന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.