തിരുവനന്തപുരം : കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രിക്കെതിരെ എം ടി വാസുദേവൻ നായർ നടത്തിയ വിമർശനം കേരളത്തിന്‍റെ വികാരമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran about MT Vasudevan Nair's criticism). പിണറായി വിജയനെ വേദിയിലിരുത്തിയുള്ള എംടിയുടെ ഉപദേശം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ്. ഇഎംഎസിനെ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. മുഖ്യമന്ത്രിക്ക് ചിലര്‍ വ്യക്തിപൂജ നടത്തുകയാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ ചെയ്യുമ്പോഴും, വ്യക്തിപൂജ കമ്മ്യൂണിസ്റ്റുകാർ എതിർക്കുന്നതാണെന്നാണ് പറയുന്നത്.
എംടി ചോദ്യം ചെയ്യുന്നത് കമ്മ്യൂണിസത്തിന്‍റെ ഈ ഇരട്ടത്താപ്പിനെയാണ്. എംടിയുടെ ശബ്‌ദം കേരള ജനത ഏറ്റെടുക്കുമെന്നുറപ്പാണ്. ദൈവത്തിന്‍റെ വരദാനമായാണ് സഹമന്ത്രിമാർ പോലും പിണറായി വിജയനെ വാഴ്ത്തുന്നത്. മുഖ്യമന്ത്രിയെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിശേഷിപ്പിച്ചത് സൂര്യനായാണ്. എംടിയെ പോലൊരാൾ ഇതെന്തുതരം കമ്മ്യൂണിസമാണെന്ന് ചിന്തിച്ചിട്ടുണ്ടാകും.
ലോകം ആദരിക്കുന്ന സാഹിത്യകാരനെ ഈ വിമർശനം നടത്താൻ പ്രേരിപ്പിച്ചത് പിണറായി വിജയൻ നടത്തുന്ന അഴിമതിയും ഏകാധിപത്യവും ധൂർത്തും സ്വജനപക്ഷപാതവുമാണ്. ഇപി ജയരാജൻ മുഖ്യമന്ത്രിയെ ട്രോളുകയാണ് ചെയ്‌തത്. എംടിയുടെ പ്രസ്‌താവനയെ ഇടത് ചിന്തകർ പോലും അനുകൂലിച്ചുവന്നിരിക്കുകയാണെന്നും കെ സുരേന്ദ്രൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
സിപിഎമ്മിനെതിരെ കെ സുരേന്ദ്രൻ : അതേസമയം അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിക്ക് ഒളിവില്‍ കഴിയാന്‍ പ്രാദേശിക സഹായം ലഭിച്ചെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍ ഗൗരവത്തോടെ കാണണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തീവ്രവാദികൾക്ക് സുരക്ഷിത താവളമായി കേരളം മാറി. മട്ടന്നൂർ സിപിഎമ്മിന് ഏറ്റവും കൂടുതൽ പാർട്ടി ഗ്രാമങ്ങൾ ഉള്ള സ്ഥലമാണ്. ഐ എസ് റിക്രൂട്ട്മെന്‍റ് നടക്കുന്നത് കണ്ണൂരിൽ നിന്നാണെന്നും കെ സുരേന്ദ്രൻ ജനുവരി 10 ന് തിരുവനന്തപുരത്ത് പറഞ്ഞു.