തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമര്‍ശനം വ്യക്തിപരം തന്നെയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുകയും സ്വന്തം അണികളെ കൊണ്ട് അങ്ങനെവിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്‌പ്പെടുത്തുക തന്നെ വേണമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു. ഫെയ്‌സ്ബുക്കിലാണ് സുധാകരന്‍റെ പരാമര്‍ശം.
Read more:'കെപിസിസി പ്രസിഡന്‍റ് സംസാരിയ്ക്കുന്നത് തെരുവുഗുണ്ടയുടെ ഭാഷയില്‍' ; സുധാകരനെതിരെ വിജയരാഘവന്‍
മുഖ്യമന്ത്രി പഴയ കാലം ഓർക്കാൻ ഇഷ്‌ടപ്പെടുന്നില്ലെന്ന് സുധാകരൻ
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍, അതും താന്‍ വ്യക്തിപരമായി പറഞ്ഞത് തന്‍റെ അനുവാദമില്ലാതെ സെന്‍സേഷന് വേണ്ടി അച്ചടിച്ചു വന്ന ഒരു വിഷയത്തില്‍ മുഖ്യമന്ത്രി ഇത്രയേറെ വൈകാരികമായി പ്രതികരിച്ചത് ആ സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഓര്‍ക്കാന്‍ അദ്ദേഹം ഇഷ്‌ടപെടുന്നുണ്ടാകില്ലെന്നത് കൊണ്ടായിരിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.
Read more:സുധാകരനെതിരെയുള്ള പരാമർശം മുഖ്യമന്ത്രി ഒഴിവാക്കണമായിരുന്നു: ഉമ്മൻ ചാണ്ടി
'പാർട്ടിക്കുള്ളിലെ നിശബ്‌ദ ഇരകൾ'
സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇയാള്‍ നടത്തിയ നെറികേടിന്‍റെ ഒരുപാട് ഇരകള്‍ ഇന്നും വടക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ ജീവിച്ചിരിപ്പുണ്ട്. ഞങ്ങളുടെ നാട്ടുഭാഷയില്‍ അതിന് 'ഒറ്റപ്പൂതി' എന്ന് പറയും. അതിന്‍റെ ഇരകള്‍ നിശബ്‌ദരായി ആ പാര്‍ട്ടിയില്‍ തന്നെയുണ്ട്.
വിഎസ് മുതല്‍ എംഎ ബേബി, ശൈലജ ടീച്ചര്‍ തുടങ്ങിയ നേതാക്കളിലേക്ക് വരെ ആ പട്ടിക നീളുകയാണ്. അവര്‍ക്കൊന്നും മറുത്ത് പറയാന്‍ ആകില്ല. അങ്ങനെ മറുത്ത് പറയാന്‍ നട്ടെല്ലുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്‍ വടക്കന്‍ കേരളത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പേര് കേട്ടാല്‍ ഇന്നും പിണറായി വിജയന് വിറളി പിടിക്കുമെന്നും ടിപി ചന്ദ്രശേഖരനെ പരാമർശിച്ചുകൊണ്ട് സുധാകരന്‍ വിശദീകരിച്ചു.
Read more:കെ.സുധാകരന്‍റേത് വികടഭാഷയെന്ന് എ. വിജയരാഘവന്‍
അന്ന് അവസാനിപ്പിക്കാം വിചാരണ
ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ ഉള്ള ഒരാള്‍ക്ക് അധികാരം കൂടി ഉണ്ടായാല്‍ സര്‍ക്കാര്‍ തന്നെ അരാജകത്വത്തിലേക്ക് കൂപ്പുകുത്തും. അതാണ് പലതരം അഴിമതികളുടെ രൂപത്തില്‍ നാം കഴിഞ്ഞ അഞ്ച് വര്‍ഷമായി കാണുന്നത്. ഇതിനുള്ള ഏക പരിഹാരമായി ഞാന്‍ കാണുന്നത് വ്യക്തിപരമായ വിമര്‍ശനം മാത്രമാണ്.
എന്ന് മുതല്‍ അവര്‍ ചീഞ്ഞളിഞ്ഞ വ്യക്തി ആരാധന മാറ്റി വെച്ച് രാഷ്‌ട്രീയ സംവാദത്തിന് തയ്യാറാകുന്നോ അന്ന് ഞാനും പിണറായി വിജയനെ വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കാമെന്നും സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.