തിരുവനന്തപുരം : കെ.പി.സി.സി പുനസംഘടനയിലെങ്കിലും പിടിമുറുക്കാമെന്ന എ, ഐ ഗ്രൂപ്പുകളുടെ മോഹത്തിന് തിരിച്ചടി. കെ.പി.സി.സി ഭാരവാഹികളുടെ ജംബോ കമ്മിറ്റി വേണ്ടെന്ന പ്രസിഡന്‍റ് കെ സുധാകരന്‍റെ നിലപാടിന് രാഷ്ട്രീയ കാര്യ സമിതിയിലും പിന്തുണ.
ഭാരവാഹികളും എക്‌സിക്യുട്ടീവ് അംഗങ്ങളും ഉള്‍പ്പെടെ 51 അംഗങ്ങളില്‍ കൂടുതല്‍ പേര്‍ പറ്റില്ലെന്ന് രാവിലെ നടന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലും പിന്നീട് നടന്ന രാഷ്ട്രീയ കാര്യ സമിതിയിലും ശക്തമായ നിലപാട് സുധാകരന്‍ സ്വീകരിച്ചു.
'ഹൈക്കമാന്‍ഡ് പൂര്‍ണ സ്വാതന്ത്ര്യം തന്നു'
അത് അനുവദിക്കാനാകില്ലെന്ന് ആദ്യ ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സുധാകരനോട് പറഞ്ഞെങ്കിലും ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ തനിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് സുധാകരന്‍ വ്യക്തമാക്കിയതോടെ ഇരു നേതാക്കളും അയഞ്ഞു.
ALSO READ:സംസ്ഥാനത്ത് ഒന്നേകാല്‍ കോടി കടന്ന് കൊവിഡ് വാക്സിനേഷൻ
ഉച്ചയ്ക്ക് ശേഷം നടന്ന രാഷ്‌ട്രീയകാര്യ സമിതിയിലും സുധാകരന്‍ ഇതേ നിലപാട് സ്വീകരിച്ചതോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെ പിന്തുണയ്ക്കുകയായിരുന്നു. 14 ഡി.സി.സികളും പുനസംഘടിപ്പിക്കാനും പ്രസിഡന്‍റുമാരെ പൂര്‍ണമായും യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പങ്കെടുക്കാതെ കെ മുരളീധരന്‍
നേരത്തേ മുല്ലപ്പള്ളി രാമചന്ദ്രന്‍ പി.സി.സി അധ്യക്ഷനായിരുന്നപ്പോള്‍ ജംബോ കമ്മിറ്റികള്‍ ഒഴിവാക്കാന്‍ അദ്ദേഹം കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗ്രൂപ്പുകള്‍ അതിനനുവദിച്ചില്ല. മനസില്ലാമനസോടെ ഗ്രൂപ്പുകളുടെ സമ്മര്‍ദത്തിന് മുന്നില്‍ മുല്ലപ്പള്ളിക്ക് കീഴടങ്ങേണ്ടി വന്നു.
അതിനിടെ തലസ്ഥാനത്തുണ്ടായിട്ടും കെ. മുരളീധരന്‍ രാഷ്ട്രീയ കാര്യ സമിതിയോഗത്തില്‍ പങ്കെടുത്തില്ല. രാവിലെ സുധാകരന്‍ മുതിര്‍ന്ന നേതാക്കളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടും തന്നെ അവഗണിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മുരളീധരന്‍റെ ബഹിഷ്‌കരണമെന്നാണ് സൂചന.
രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയെയും രാഹുല്‍ ഗാന്ധി ഡല്‍ഹിയ്ക്ക് ക്ഷണിച്ചു. പുനസംഘടനയിലുള്ള അതൃപ്തി പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് ക്ഷണമെന്നാണ് വിവരം.