തിരുവനന്തപുരം: ഏപ്രില്‍ 11ന് രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനം വിജയകരമാക്കുന്നതു സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ക്കായി ചേര്‍ന്ന കെപിസിസി സമ്പൂര്‍ണ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വികാര നിര്‍ഭര രംഗങ്ങളും തരൂരുരിനും മുരളീധരനുമെതിരെ നേതാക്കളുടെ രൂക്ഷ വിമര്‍ശനവും. വിവിധ വിഭാഗങ്ങളുടെ നിസഹകരണം മൂലം ബ്ലോക്ക്, ഡിസിസി പുനഃസംഘടന അനന്തമായി നീണ്ടു പോകുന്നതിനെതിരെയാണ് സുധാകരന്‍ വികാരാധീനനായത്. സിപിഎമ്മും ബിജെപിയും ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി അതിവേഗം മുന്നോട്ടു പോകുമ്പോള്‍ നമുക്ക് പുന:സംഘടന പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് നാണക്കേടാണെന്ന് സുധാകരന്‍ പറഞ്ഞു.
പുന:സംഘടന പൂര്‍ത്തിയാക്കാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയാല്‍ താഴെ തട്ടില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. ആര്‍ക്കും വേണ്ടെങ്കില്‍ തനിക്കും വേണ്ട. പക്ഷേ എല്ലാവരും സഹകരിച്ചാല്‍ നമുക്ക് അതിവേഗം അത് പൂര്‍ത്തിയാക്കാവുന്നതേയുള്ളൂ എന്നതിനാല്‍ എല്ലാവരും ദയവായി സഹകരിക്കണം-കൈകൂപ്പി വികാരാധീനനായി സുധാകരന്‍ പറഞ്ഞു.
തരൂര്‍ ലക്ഷ്‌മണ രേഖ ലംഘിക്കുന്നു: യോഗത്തില്‍ ശശി തരൂരിനും മുരളീധരനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. ഇരുവരും പാര്‍ട്ടി അച്ചടക്കം പാലിച്ചു മുന്നോട്ടു പോകണമെന്ന് മുതിര്‍ന്ന നേതാവ് പി.ജെ കുര്യന്‍ പറഞ്ഞു. തരൂര്‍ പലപ്പോഴും ലക്ഷ്‌മണ രേഖ ലംഘിക്കുന്നു. ശശിതരൂര്‍ പാര്‍ട്ടിക്ക് തീര്‍ത്തും അവശ്യമുള്ള നേതാവ് തന്നെയാണ്. എന്നാല്‍, പാര്‍ട്ടി അച്ചടക്കം എങ്ങനെയായിരിക്കണമെന്നും സംഘടനാ മര്യാദകള്‍ എന്തൊക്കെയെന്നും കെ.പി.സി.സി പ്രസിഡന്‍റ് അദ്ദേഹത്തെ ഉപദേശിക്കണമെന്ന് കുര്യന്‍ അഭിപ്രായപ്പെട്ടു.
ചൂരല്‍ കൊണ്ടോ ചാട്ടവാര്‍കൊണ്ടോ അല്ല പാര്‍ട്ടി അച്ചടക്കം നടപ്പാക്കേണ്ടതെന്ന് അച്ചടക്കസമിതി ചെയര്‍മാന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. പാര്‍ട്ടി അച്ചടക്കം സ്വയം പാലിക്കേണ്ടതാണെന്ന് ആരെയും പേരെടുത്ത് വിമര്‍ശിക്കാതെ തിരുവഞ്ചൂര്‍ പറഞ്ഞു.
തരൂരിനെതിരെ രൂക്ഷവമിര്‍ശനമാണ് മുന്‍ കെപിസിസി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം ഉയര്‍ത്തിയത്. പ്രതിപക്ഷത്തിന്‍റെ കണ്‍വീനര്‍ സ്ഥാനം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഒഴിയണമെന്ന തരൂരിന്‍റെ ഡല്‍ഹിയിലെ പ്രസ്‌താവന അപക്വവും കോണ്‍ഗ്രസിന്‍റെ വിലപേശല്‍ ശേഷി പൂര്‍ണമായി ഇല്ലാതാക്കുന്നതുമാണെന്ന് ജോണ്‍സണ്‍ പറഞ്ഞു.
വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണ ജാഥകള്‍ കെപിസിസി സംഘടിപ്പിച്ചപ്പോള്‍ അതില്‍ ഒരു ജാഥയ്‌ക്കെങ്കിലും വനിത നേതൃത്വം ആകാമായിരുന്നെന്നും അങ്ങനെ ചെയ്യാതിരുന്നത് ആഘോഷങ്ങളുടെ ശോഭ കെടുത്തിയെന്നും ഷാനിമോള്‍ ഉസ്‌മാന്‍ പരാതിപ്പെട്ടു. പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ യോഗത്തില്‍ എംപിമാര്‍ ആരും പങ്കെടുത്തില്ല.
11ന് വയനാട്ടില്‍ വമ്പന്‍ റാലി:സൂറത്ത് കോടതി വിധിയെ തുടര്‍ന്ന് എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്ന ഏപ്രില്‍ 11ന് വമ്പിച്ച റാലി സഘടിപ്പിക്കാന്‍ കെപിസിസി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കും. രാഹുല്‍ഗാന്ധിക്കെതിരായ നടപടികളില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 13ന് മണ്ഡലം തലത്തില്‍ നൈറ്റ്മാര്‍ച്ച് സംഘടിപ്പിക്കും.
ഏപ്രില്‍ 10 മുതല്‍ പോഷക സംഘടനകളുടെയും സെല്ലുകളുടെയും നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹായത്തോടെ മോദിയുടെ ജനാധിപത്യ വിരുദ്ധ പ്രവൃത്തികള്‍ ചോദ്യം ചെയ്‌തുകൊണ്ട് പോസ്‌റ്റല്‍ കാര്‍ഡ് പ്രചാരണം സംഘടിപ്പിക്കും. ഏപ്രില്‍ 10 മുതല്‍ 25 വരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മണ്ഡലം കേന്ദ്രീകരിച്ച് ജയ് ഭാരത് സത്യഗ്രഹം സംഘടിപ്പിക്കും. ഏപ്രില്‍ 26 മുതല്‍ മെയ് 10 വരെ ജില്ല ആസ്ഥാനത്ത് ജയ്ഭാരത് സത്യഗ്രഹ സമ്മേളനം സംഘടിപ്പിക്കാനും കെപിസിസി തീരുമാനിച്ചു.
മെയ് 11നും 25നുമിടയില്‍ സംസ്ഥാനതലത്തില്‍ വിപുലമായ ജയ് ഭാരത് സത്യഗ്രഹം കൊച്ചി കേന്ദ്രീകരിച്ച് നടത്തും. പരിപാടിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ പങ്കെടുപ്പിക്കാനാണ് ശ്രമം.
ഭാരത് ജോഡോ യാത്രയുടെ ഐതിഹാസിക വിജയത്തിന് പിന്നാലെ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപകമായ ജനസമ്പര്‍ക്ക പരിപാടി ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍റെ ഒന്നാംഘട്ട പ്രവര്‍ത്തനമായ വീടുവീടാന്തരം കയറിയിറങ്ങിയുള്ള ലഘുലേഖ വിതരണം ജില്ലകളില്‍ പുരോഗമിക്കുന്നുണ്ട്. ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍റെ രണ്ടാംഘട്ടത്തില്‍ എല്ലാ മണ്ഡലങ്ങളിലും പദയാത്രകള്‍ പൂര്‍ത്തിയാക്കാനും കെ.പി.സി.സി ഫണ്ട് ശേഖരണ പദ്ധതിയായ 138 രൂപ ചലഞ്ച് ഒരു മാസത്തേക്ക് നീട്ടാനും യോഗത്തില്‍ തീരുമാനിച്ചു.
സെക്രട്ടേറിയറ്റ് വളയല്‍ മാറ്റി: ഒരു മാസം നീണ്ടുനില്‍ക്കുന്ന സമരപരമ്പരകള്‍ക്ക് എഐസിസി രൂപം നല്‍കിയ സാഹചര്യത്തില്‍ മെയ് നാലിന് നടത്തുവാന്‍ തീരുമാനിച്ചിരുന്ന സെക്രട്ടേറിയറ്റ് വളയല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു.
പുനഃസംഘടന: ജില്ലാതല പുനഃസംഘടന ലിസ്‌റ്റ് മൂന്നു ദിവസത്തിനുള്ളില്‍ ഡി.സി.സി പ്രസിഡന്‍റും ജില്ലയുടെ ചാര്‍ജ്ജുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് കെ.പി.സി.സിക്ക് നല്‍കണം. ജില്ലകളില്‍ നിന്നും ലിസ്‌റ്റ് ലഭിച്ചാല്‍ 10 ദിവസത്തിനകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനതല സമിതിക്ക് നിര്‍ദേശം നല്‍കി.
മധുവധക്കേസ്, കോടതി വിധി സ്വാഗതാര്‍ഹമെന്ന് സുധാകരന്‍: അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കേസിന്‍റെ നടത്തിപ്പില്‍ സര്‍ക്കാരും പ്രോസിക്യൂഷനും പലഘട്ടത്തിലും ഗുരുതരമായ വീഴ്‌ചകള്‍ വരുത്തിയപ്പോള്‍ മധുവിന്‍റെ അമ്മയും സഹോദരിയും ഭീഷണികളെയും പ്രതിസന്ധികളെയും അതിജീവിച്ച് പൊരുതി നേടിയ വിജയം കൂടിയാണിത്.
മധു കേരളീയ സമൂഹത്തിന്‍റെ ആകെ നൊമ്പരമാണ്. മധുവിന് ലഭിക്കേണ്ട ന്യായമായ നീതി ഇത്രയും കാലം നീട്ടിക്കൊണ്ടുപോയത് ഇടതുസര്‍ക്കാരിന്‍റെ വലിയ വീഴ്‌ചയാണ്. കേസിലെ വിധിയില്‍ ഊറ്റം കൊള്ളുന്ന മന്ത്രിമാര്‍ക്കും സര്‍ക്കാരിനും അതിന് അര്‍ഹതയുണ്ടോയെന്ന് സ്വയം വിലയിരുത്തണം.
മധു ഒരു പ്രതീകം മാത്രമാണ്. നാളെയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് നാം പുലര്‍ത്തേണ്ടത്. ഒരുഘട്ടത്തില്‍ സാക്ഷികളെല്ലാം കൂറുമാറി തേഞ്ഞുമാഞ്ഞ് പോകുമായിരുന്ന കേസിലാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സാധിച്ചത്. ഇത് നീതിന്യായ സംവിധാനത്തോടുള്ള വിശ്വാസ്യത കൂടുതല്‍ വര്‍ധിപ്പിക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു.