കേരളം

kerala

ETV Bharat / state

'പാംപ്ലാനിയെ സിപിഎം ആക്രമിക്കുന്നത് കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ട്' ; പരസ്യസംവാദത്തിന് തയ്യാറുണ്ടോയെന്ന് കെ സുധാകരന്‍ - gaur attack

കാട്ടുപോത്ത് വിഷയത്തില്‍ വകുപ്പുകള്‍ തമ്മിലടിക്കുമ്പോള്‍ മുഖ്യമന്ത്രി ഇടപെടാതെ ഒളിച്ചുകളിക്കുകയാണെന്ന് കെ സുധാകരന്‍. പ്രസ്‌താവന കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുന്നതെന്നും വിമര്‍ശനം

k sudhakaran  forest revenue department  കാട്ടുപോത്ത്  കെ സുധാകരന്‍  ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി  കെപിസിസി പ്രസിഡന്‍റ്  വനം മന്ത്രി  സിപിഎം  k sudhakaran flays forest revenue department  gaur attack  Archbishop Mar Joseph Pamplani
കെ സുധാകരന്‍

By

Published : May 22, 2023, 10:25 PM IST

തിരുവനന്തപുരം :യാഥാര്‍ഥ്യം തുറന്നുപറഞ്ഞതിന്‍റെ പേരില്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുന്നത് അദ്ദേഹത്തിന്‍റെ പ്രസ്‌താവന കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂരില്‍ സിപിഎം രക്തസാക്ഷികളായി കൊണ്ടാടുന്നവരെ സംബന്ധിച്ച യഥാര്‍ഥ വസ്‌തുതകളും അവരെ ബലികൊടുത്തത് ആരാണെന്നും എന്തിനാണെന്നും അറിയാം. ഇതുസംബന്ധിച്ച് ഒരു പരസ്യ സംവാദത്തിന് സിപിഎം തയ്യാറുണ്ടോയെന്നും കെ സുധാകരന്‍ ചോദിച്ചു.

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ പിണറായി സര്‍ക്കാരിന്‍റെ വനം വകുപ്പും റവന്യൂ വകുപ്പും തമ്മിലടിച്ച് ദയനീയമായി പരാജയപ്പെട്ടു. കണമലയില്‍ രണ്ടുപേരെ കൊന്ന കാട്ടുപോത്തിനെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്‍റെ അധികാരം ഉപയോഗിച്ച് വെടിവച്ച് കൊല്ലാനായിരുന്നു ജില്ല കലക്‌ടറുടെ പരസ്യമായ തീരുമാനം. പരിഭ്രാന്തരായിരുന്ന ജനങ്ങള്‍ക്ക് ഏറെ സ്വീകാര്യമായ ഈ തീരുമാനം ഉടനെ അട്ടിമറിച്ച് മയക്കുവെടി വയ്‌ക്കാന്‍ തീരുമാനിച്ചത് വനംവകുപ്പാണ്.

വകുപ്പുകള്‍ തമ്മിലടിക്കുമ്പോള്‍ മുഖ്യമന്ത്രി ഇടപെടാതെ ഒളിച്ചുകളിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു. നാട്ടുകാരുടെ വെടിയേറ്റ കാട്ടുപോത്താണ് ജനവാസമേഖലയില്‍ കടന്നുകയറി മൂന്ന് പേരെ കൊന്നതെന്ന് പ്രചരിപ്പിക്കുകയും വനംവകുപ്പിനെ വെള്ളപൂശുകയും നിലപാടുകളില്‍ മലക്കം മറിയുകയും വര്‍ഗീയവത്ക‌രിക്കാന്‍ ശ്രമിക്കുകയും ചെയ്‌ത വനം മന്ത്രി നാടിന്‍റെ ശാപവും വന്യമൃഗങ്ങളുടെ ഐശ്വര്യവുമാണ്. ക്ലിഫ് ഹൗസില്‍ മ്യൂസിക് സിസ്റ്റം ഉള്‍പ്പടെ 42.90 ലക്ഷം രൂപ മുടക്കിയ തൊഴുത്തില്‍ കന്നുകാലികള്‍ക്ക് നൽകുന്നത്ര പരിഗണനയെങ്കിലും മുഖ്യമന്ത്രി നാട്ടിലെ ജനങ്ങള്‍ക്ക് നൽകണമെന്നും സുധാകരന്‍ പ്രസ്‌താവനയിലൂടെ പറഞ്ഞു.

രണ്ടുപേര്‍ അതിദാരുണമായി കൊല്ലപ്പെട്ടിട്ടും സംഭവസ്ഥലം സന്ദര്‍ശിക്കാനും മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും വനം മന്ത്രിയോ വനം വകുപ്പ് ഉദ്യോഗസ്ഥരോ തയാറാകാത്തതില്‍ ജനങ്ങള്‍ക്ക് വലിയ എതിര്‍പ്പുണ്ട്. അവരുടെ കുടുംബത്തിനുള്ള നഷ്‌ടപരിഹാര പ്രഖ്യാപനവും നീണ്ടുപോകുന്നു. വൈകാരികമായ അന്തരീക്ഷം ഉണ്ടായിട്ടും മുഖ്യമന്ത്രി ഉന്നതതലയോഗം പോലും വിളിച്ചില്ല. വനംമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പന്ത് കേന്ദ്രത്തിലേക്ക് നീട്ടിയടിക്കുകയാണ് ചെയ്‌തത്. ചക്കിക്കൊത്ത ചങ്കരനെപ്പോലെ കേരളം കണ്ട ട്രാജഡിയാണ് വനംമന്ത്രിയും മുഖ്യമന്ത്രിയും.

also read :വന്യജീവി ആക്രമണം തടയാനുള്ള തുടർ നടപടികൾ സ്വീകരിച്ചു; മന്ത്രി എ കെ ശശീന്ദ്രൻ

നടപടി സ്വീകരിച്ചതായി വനം മന്ത്രി :അതേസമയം വന്യജീവികളുടെ ആക്രമണം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. എരുമേലിയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രി നടപടി സ്വീകരിച്ചതായി അറിയിച്ചത്. ഇതിന്‍റെ ഭാഗമായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്‍ററും ടോൾ ഫ്രീ നമ്പറും സജ്‌ജമാക്കിയിട്ടുണ്ട്. ടോൾ ഫ്രീ നമ്പർ നിലവിൽ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. തുടർച്ചയായി വന്യജീവി ആക്രമണം നടക്കുന്ന മേഖലകളിൽ റാപ്പിഡ് റെസ്‌പോണ്ട് ടീമിനെ അനുവദിക്കുമെന്നും വനംമന്ത്രി വാർത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details