കേരളം

kerala

ETV Bharat / state

'എം വി രാഘവനെ പുറത്താക്കിയത് തെറ്റായിപ്പോയെന്ന് ഇനിയെങ്കിലും സിപിഎം സമ്മതിക്കുമോ?'; കെ സുധാകരൻ - മുസ്‌ലിം ലീഗ് ഏക സിവിൽ കോഡ്

ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം സ്വീകരിക്കുന്നത് രാഷ്‌ട്രീയ മുതലെടുപ്പാണെന്നും സര്‍ക്കാര്‍ വിരുദ്ധ വികാരം ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ വര്‍ഗീയ കാര്‍ഡ് ഉയര്‍ത്തി അതിനെ മറികടക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ സുധാകരൻ ആരോപിച്ചു.

k sudhakaran criticise cpm  k sudhakaran  k sudhakaran cpm  k sudhakaran about cpm stand in uniform civil code  uniform civil code  kpcc president k sudhakaran  m v raghavan  എം വി രാഘവൻ  കെ സുധാകരൻ  കെ സുധാകരൻ സിപിഎം  സിപിഎമ്മിനെതിരെ കെ സുധാകരൻ  കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ  എം വി രാഘവൻ  മുസ്ലീം ലീഗ് ഏക സിവിൽ കോഡ്  ഏക സിവിൽ കോഡ് സിപിഎം നിലപാട്
കെ സുധാകരൻ

By

Published : Jul 11, 2023, 2:54 PM IST

തിരുവനന്തപുരം :എം വി രാഘവനെ പുറത്താക്കിയത് തെറ്റായിപ്പോയെന്ന് ഇനിയെങ്കിലും സിപിഎം സമ്മതിക്കുമോയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഏകവ്യക്തി നിയമം നടപ്പാക്കരുതെന്ന് ശക്തമായ നിലപാടെടുത്ത മതേതര ന്യൂനപക്ഷ ജനാധിപത്യ പാര്‍ട്ടിയായ മുസ്‌ലിം ലീഗിനെയും ക്രിസ്ത്യന്‍ ന്യൂനപക്ഷ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിനെയും ഇടതുമുന്നണിയില്‍ എടുക്കണമെന്ന ബദല്‍ രേഖ അവതരിപ്പിച്ച എം വി രാഘവനെ പുറത്താക്കിയത് തെറ്റായിപ്പോയെന്ന് ഇനിയെങ്കിലും സിപിഎം സമ്മതിക്കുമോയെന്നാണ് കെ സുധാകരന്‍ ഉന്നയിച്ച ചോദ്യം.

അന്ന് ഏകവ്യക്തിനിയമത്തിന് വേണ്ടി നിലകൊണ്ട സിപിഎം അത് ഉള്‍ക്കൊള്ളാതെ രാഘവനെ പുറത്താക്കി. സിഎംപി എന്ന രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടായതുപോലും സിപിഎമ്മിന്‍റെ ഏകവ്യക്തി നിയമത്തിനുവേണ്ടിയുള്ള അന്ധമായ നിലപാട് മൂലമാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു. നാല് ദശാബ്‌ദത്തിന് ശേഷം ഏകവ്യക്തി നിയമത്തിനെതിരെ വീറോടെ വാദിക്കുന്ന സിപിഎമ്മിന് വിവേകം വൈകി ഉദിച്ചപ്പോള്‍, പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും നിയമസഭയിലിട്ടുവരെ ചവിട്ടിക്കൂട്ടുകയും ചെയ്‌ത നെറികേടുകള്‍ക്കു പശ്ചാത്താപമായി രാഘവന്‍റെ കുഴിമാടത്തില്‍പോയി സിപിഎം രണ്ടിറ്റ് കണ്ണീര്‍ വീഴ്ത്തണമെന്നും കെ സുധാകരൻ പറഞ്ഞു.

എംവി രാഘവന് സംരക്ഷണവും രാഷ്ട്രീയ അഭയവും നൽകിയത് യുഡിഎഫ് ആണ്. വേട്ടപ്പട്ടികളെപ്പോലെ രാഘവനെ സിപിഎം ആക്രമിച്ചപ്പോള്‍, നിയമസഭയ്ക്കകത്തും പുറത്തും യുഡിഎഫ് കൂടെ നിന്നു. അക്കാലത്ത് കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷം അതിരൂക്ഷമാകുകയും തനിക്കെതിരെ വധശ്രമങ്ങള്‍ വരെ ഉണ്ടാകുകയും ചെയ്‌തുവെന്നും കെ സുധാകരൻ ആരോപിച്ചു.

1987ലെ തെരഞ്ഞെടുപ്പില്‍ ഏകവ്യക്തി നിയമത്തെ അനുകൂലിച്ച് ന്യൂനപക്ഷത്തിനെതിരെ ഭൂരിപക്ഷ വര്‍ഗീയത ഇളക്കിവിട്ടാണ് സിപിഎം അധികാരത്തിലേറിയത്. അതോടൊപ്പം ഭൂരിപക്ഷ ഏകീകരണത്തിനായി ഹിന്ദുമുന്നണിയെ സിപിഎം ശക്തിപ്പെടുത്തുകയും ചെയ്‌തു. 1987ലെ വിജയത്തെ ലീഗിനെയും കേരള കോണ്‍ഗ്രസിനെയും മൂലക്കിരുത്തിയ രാഷ്ട്രീയ വിജയമായി രാജ്യമെമ്പാടും ആഘോഷിച്ച സിപിഎമ്മാണ് ഇപ്പോള്‍ ഈ പ്രസ്ഥാനങ്ങളുടെ പിന്നാലെ നടക്കുന്നതെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

ഏകവ്യക്തി നിയമത്തിനുവേണ്ടി നിലകൊണ്ട സിപിഎമ്മിന്‍റെ താത്വികാചാര്യന്‍ ഇഎംഎസ്, മുന്‍ മുഖ്യമന്ത്രി ഇകെ നായനാര്‍, ജനാധിപത്യമഹിള അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുശീല ഗോപാലന്‍, ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവ് പി സതിദേവി തുടങ്ങിയ പ്രമുഖരെ തള്ളിപ്പറയേണ്ട ഗതികേടിലാണിപ്പോള്‍ സിപിഎം എന്നും കെ സുധാകരൻ പറഞ്ഞു. 1985 ഫെബ്രുവരിയില്‍ നടന്ന ഡിവൈഎഫ്ഐ രണ്ടാം അഖിലേന്ത്യ സമ്മേളനത്തില്‍ ശരിയത്ത് മാറ്റിയെഴുതണം എന്നുവരെ ഇഎംഎസ് പ്രസംഗിച്ചു. ഇതെല്ലാം ഇപ്പോള്‍ തള്ളിപ്പറയുന്ന സിപിഎമ്മിന്‍റെ അവസ്ഥ പരിതാപകരമാണെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

87ലെ തെരഞ്ഞെുടപ്പില്‍ നടപ്പാക്കിയ ന്യൂനപക്ഷ ഏകീകരണത്തിന്‍റെ മറ്റൊരു പതിപ്പിനാണ് സിപിഎം ഇപ്പോള്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ വികാരം കേരളത്തില്‍ ആഞ്ഞടിക്കുമ്പോള്‍ വര്‍ഗീയ കാര്‍ഡ് ഉയര്‍ത്തി അതിനെ മറികടക്കാമെന്നും യുഡിഎഫില്‍ ആശയക്കുഴപ്പം ഉണ്ടാക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു. ഇതിലെ രാഷ്ട്രീയം വ്യക്തമായി മനസിലാക്കിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സിപിഎം സെമിനാറില്‍നിന്ന് വിട്ടുനിന്നത്. മാരീചനെപ്പോലെ സിപിഎം ശ്രമം തുടരുമെങ്കിലും അത് കേരളത്തില്‍ വിലപ്പോകില്ലെന്നു സുധാകരന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details