തിരുവനന്തപുരം :പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക വഞ്ചന കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ്. സംസ്ഥാനത്ത് നാളെ കോണ്‍ഗ്രസ് കരിദിനം ആചരിക്കും. പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും ബൂത്ത് തലം വരെയുള്ള പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തും.
രാഷ്ട്രീയ ഗൂഢാലോചനയെന്ന് വി ഡി സതീശൻ :കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന്.
സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോൺഗ്രസും യുഡിഎഫും ശക്തമായി ചെറുക്കും. ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതേണ്ട. ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് കേരളത്തിൽ പിണറായി ചെയ്യുന്നത്.
ഭയമാണ് ഈ സർക്കാരിനെ നയിക്കുന്നത്. സർക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും ഇനിയും തുറന്ന് കാട്ടുക തന്നെ ചെയ്യുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
സിപിഎം നിർദേശ പ്രകാരമെന്ന് രമേശ് ചെന്നിത്തല :കെ സുധാകരനെ അറസ്റ്റ് ചെയ്തത് സിപിഎം നിർദേശ പ്രകാരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസെടുത്ത് അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. പ്രതിപക്ഷ നേതാക്കളെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടാൻ നോക്കേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.