കേരളം

kerala

By ETV Bharat Kerala Team

Published : Jan 7, 2024, 7:39 PM IST

ETV Bharat / state

മുഖ്യമന്ത്രിയെ കണക്കറ്റ് പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

KPCC President K Sudhakaran Against CPM And Chief Minister: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഭരണാധികാരിയുടെ പൗരുഷത്തെ പുകഴ്‌ത്തുന്നത് ഫാസിസത്തിന്‍റെ ലക്ഷണമാണെന്ന് സുധാകരന്‍ പറഞ്ഞു.

KPCC  K Sudhakaran  Pinarayi Vijayan  സുധാകരന്‍റെ പരിഹാസം  സിപിഎമ്മിനെതിരെ സുധാകരന്‍
K Sudhakaran Against CPM And Chief Minister Pinarayi Vijayan

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെയും പി ജയരാജനെയും കണ്ണുരുട്ടി കാണിച്ച പാര്‍ട്ടി പിണറായിക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നുവെന്നും ഭരണാധികാരിയുടെ പൗരുഷത്തെ ഉയര്‍ത്തിപ്പിടിക്കല്‍ ഫാസിസത്തിന്‍റെ രീതിയെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍(KPCC President K Sudhakaran Against CPM And Chief Minister Pinarayi Vijayan).

തീയില്‍ കുരുത്ത കുതിര, കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകന്‍, മണ്ണില്‍ മുളച്ച സൂര്യന്‍, മലയാളിനാട്ടിന്‍ മന്നന്‍... കാരണഭൂതനും കപ്പിത്താനുശേഷം പുതിയ പദാവലികള്‍ പ്രവഹിക്കുകയാണ്. ഭരണാധികാരിയുടെ പൗരുഷത്തെ ഉയര്‍ത്തിപ്പിടിച്ചു നടത്തുന്ന പ്രകീര്‍ത്തനം ഫാസിസത്തിന്‍റെ ലക്ഷണങ്ങളിലൊന്നാണെന്ന് പ്രശസ്‌ത ഇറ്റാലിയന്‍ നോവലിസ്റ്റും ചിന്തകനുമായ ഉംബര്‍ട്ടോ എക്കോ ഫാസിസത്തെക്കുറിച്ച് നടത്തിയ നിര്‍വചനത്തില്‍ പറയുന്നു.

പാര്‍ട്ടിയെയും അണികളെയും നിയന്ത്രിക്കേണ്ട പാര്‍ട്ടി സെക്രട്ടറി തന്നെയാണ് ഇപ്പോള്‍ പിണറായിയെ സ്‌തുതിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്.മന്ത്രിമാര്‍ തമ്മില്‍ മത്സരിച്ചാണ് മുഖ്യമന്ത്രിയെ പുകഴ്ത്തുന്നത്. അപചയത്തിന്‍റെ അഗാധതയില്‍ പതിച്ചിട്ടും തിരുത്തല്‍ശക്തിയില്ലാത്ത ദയനീയാവസ്ഥയിലാണ് സിപിഎമ്മെന്നും സുധാകരന്‍ തിരുവനന്തപുരത്ത് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഭൗതികവാദത്തില്‍ മാത്രം വിശ്വസിക്കുന്ന സിപിഎമ്മിന്‍റെ മന്ത്രിയായ വി.എന്‍ വാസവന്‍ പിണറായിയെ വിശേഷിപ്പിച്ചത് കാലം കാത്തുവെച്ച കര്‍മയോഗിയെന്നും ദൈവത്തിന്‍റെ വരദാനം എന്നുമാണ്. എന്നാല്‍ കേരളം പൊട്ടിച്ചിരിച്ചത് പാര്‍ട്ടി സെക്രട്ടറിയുടെ വിശേഷണം കേട്ടാണ്. പിണറായി വിജയന്‍ സൂര്യനാണെന്നും അടുത്തു ചെന്നാല്‍ കരിഞ്ഞുപോകും എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പിണറായി വിജയനെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് തല്ലിച്ചതച്ചെങ്കിലും കരിച്ചുകളയാതിരുന്നതു ഭാഗ്യമെന്ന് പിണറായിയെ പരിഹസിക്കാനും സുധാകരന്‍ മറന്നില്ല.

സിപിഎമ്മിലെ വിഭാഗീയത കൊടികുത്തിനിന്ന കാലത്ത് വി എസ് അച്യുതാനന്ദന്‍റെ കട്ട്ഔട്ട് ഉയര്‍ന്നപ്പോള്‍ വ്യക്തിപൂജ പാര്‍ട്ടി രീതി അല്ലെന്നും ആരും പാര്‍ട്ടിക്ക് മുകളില്‍ അല്ലെന്നും പാര്‍ട്ടിയാണ് വലുതെന്നും ആരെയും അതിനുമുകളില്‍ പ്രതിഷ്ഠിക്കാന്‍ ആവില്ലെന്നുമൊക്കെയാണ് അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ വിശദീകരിച്ചത്. കണ്ണൂരില്‍ പി ജയരാജന്‍, പിജെ ആര്‍മി ഉണ്ടാക്കി വ്യക്തിയാരാധന നടത്തുന്നു എന്ന് പറഞ്ഞ് കണ്ണുരുട്ടിയ സിപിഎം നേതൃത്വം ഇപ്പോള്‍ പിണറായിയുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി വാലുംചുരുട്ടിയിരിക്കുന്നുവെന്നു സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

എതിരാളികളെ കൊന്നൊടുക്കുന്ന സിപിഎം എത്രയോ കാലമായി കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ തികഞ്ഞ ഫാസിസ്റ്റ് പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നു. പിണറായിയുടെ കാലത്ത് പാര്‍ട്ടി നേതൃത്വം ജില്ലയിലെ തന്‍റെ സ്‌തുതി പാടകരിലേക്കു കേന്ദ്രീകരിച്ചതോടെ ഫാസിസം കേരളത്തിലാകെ വ്യാപിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details