തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ആര്‍എസ്എസുമായി സിപിഎം നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വിടണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഇതിനെ കുറിച്ച് ഒന്നും പറയാതെ ഡല്‍ഹിയില്‍ ജമാഅത്ത് ഇസ്‌ലാമി ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകള്‍ ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് വേവലാതിപ്പെടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സുധാകരൻ പറഞ്ഞു.
സിപിഎം ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബിജെപി- സിപിഎം സംഘട്ടനം നിലച്ചതും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീണ്ടും കൊന്നൊടുക്കാന്‍ തുടങ്ങിയതെന്നും സുധാകരന്‍ ആരോപിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ബിജെപി 50ലധികം നിയോജക മണ്ഡലങ്ങളില്‍ വോട്ടുമറിച്ചതും ഈ ചര്‍ച്ചയുടെ ഫലമാണ്.
ലാവ്ലിൻ കേസ് 33 തവണ നീട്ടിവച്ചതും ഇതേ അന്തര്‍ധാര പ്രവര്‍ത്തിക്കുന്നതു കൊണ്ടാണെന്നും സുധാകരന്‍ പ്രസ്‌താവനയില്‍ ആരോപിച്ചു. ജമാഅത്ത് ഇസ്‌ലാമി- ആര്‍എസ്എസ് ചര്‍ച്ചയില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കുന്നത് സിപിഎം നേരിടുന്ന ആഴമേറിയ പ്രതിസന്ധികളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ്. ആ വെട്ടില്‍ വീഴാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല.
പ്രക്ഷോഭ നടപടികളുമായി കോണ്‍ഗ്രസ്: പിണറായി വിജയനും അദ്ദേഹത്തിന്‍റെ കൊള്ളസംഘവും നടത്തിയ തീവെട്ടിക്കൊള്ളകളും ജനദ്രോഹ നടപടികളും ജനമധ്യത്തില്‍ തുറന്നുകാട്ടുന്ന പ്രചാരണ പ്രക്ഷോഭ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും. കാലാകാലങ്ങളില്‍ എല്ലാത്തരം വര്‍ഗീയതയേയും സിപിഎം താലോലിക്കാറുണ്ട്.
42 വര്‍ഷത്തിലധികം സിപിഎമ്മിന്‍റെ സഹയാത്രികരായിരുന്ന ജമാഅത്ത് ഇസ്‌ലാമിയെ ഇപ്പോള്‍ ചണ്ടിപോലെ പുറന്തള്ളിയത് സിപിഎമ്മിന്‍റെ രാഷ്ട്രീയ പാരമ്പര്യത്തിന്‍റെ ഭാഗമാണ്. ബിജെപിയെ നേരിടാന്‍ ചെറുതും വലുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തീരുമാനം എടുത്തപ്പോള്‍ അതില്‍ നിന്ന് വിട്ടുനിന്ന് ബിജെപിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചവരാണ് കേരളത്തിലെ സിപിഎമ്മുകാര്‍.