കേരളം

kerala

ETV Bharat / state

'കേരളം കണ്ട വലിയ വെള്ളാന, കേരള ലോകായുക്ത കർണാടക ലോകായുക്തയെ മാതൃകയാക്കണം'; കെ സുധാകരൻ - pinarayi vijayan

മുഖ്യമന്ത്രിയും ലോകായുക്തയും തമ്മിൽ ഡീലുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരായുള്ള കേസിൽ ഉതുവരെയും വിധി പറയാത്തതെന്നും കെ സുധാകരൻ

k sudhakaran  കെ സുധാകരൻ  മുഖ്യമന്ത്രി  പിണറായി വിജയൻ  ലോകായുക്ത  ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  കർണാടക ലോകായുക്ത  k sudhakaran about Lokayukta  kerala Lokayukta  pinarayi vijayan  Lokayukta pinarayi vijayan case
ലോകായുക്തക്കെതിരെ കെ സുധാകരൻ

By

Published : Mar 19, 2023, 1:37 PM IST

തിരുവനന്തപുരം: ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി എതിര്‍കക്ഷിയായുള്ള പരാതിയില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പറയാത്തത് മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഡീല്‍ ഉള്ളതുകൊണ്ടാണോയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ലോകായുക്ത നിശബ്‌ദമായതിന്‍റെ പിന്നിലുള്ള കാരണങ്ങള്‍ അന്വേഷിക്കണമെന്നും സുധാകരൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

സുധാകരൻ പറയുന്നു: നീതിയും നീതിബോധവും ന്യായവും കാടിറങ്ങിപ്പോയ സ്ഥലമാണിന്നു കേരളം. ഹീയറിങ് പൂര്‍ത്തിയായാല്‍ ആറുമാസത്തിനകം വിധി പറയണമെന്ന സൂപ്രീം കോടതി നിർദേശം മുഖ്യമന്ത്രിക്കും ലോകായുക്തക്കും ബാധകമല്ല. മാര്‍ച്ച് 18നാണ് ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്‍ ഹീയറിങ് പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം തികഞ്ഞത്.

ലോകായുക്ത നീതിബോധത്തോടെ വിധി പറഞ്ഞാൽ പിണറായി വിജയന്‍റെ മുഖ്യമന്ത്രി കസേര തെറിക്കും. ഭയന്ന് വിറച്ചാണ് അമേരിക്കയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി അടുത്ത മന്ത്രിസഭ യോഗത്തില്‍ ഉടനടി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉത്തരവിട്ടത്. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് പ്രകാരം വിധിച്ചാല്‍ പൊതുസേവകന്‍റെ പദവി ആ നിമിഷം തെറിക്കുമെന്ന വ്യവസ്ഥ ഇല്ലാതാക്കിയത്. മുഖ്യമന്ത്രിയുടെ അപ്‌ലേറ്റ് അതോറിറ്റി നിയമസഭ ആയതിനാല്‍ സഭയിലെ ഭൂരിപക്ഷം വച്ച് അനായാസം ഊരിപ്പോരാനാകും.

കർണാടക ലോകായുക്തയെ മാതൃകയാക്കണം: മുഖ്യമന്ത്രി ഇകെ നായനാര്‍ 1999ല്‍ തുടക്കമിട്ട് ഉച്ചിയുറപ്പിച്ച ലോകായുക്തയ്‌ക്ക് മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദകക്രിയ നടത്തി. മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഒത്തുകളിച്ചപ്പോള്‍ തിരുത്തല്‍ ശക്തിയായി മാറേണ്ട ഗവര്‍ണര്‍ അവരോടൊപ്പം ചേര്‍ന്നത് ബിജെപി- സിപിഎം അന്തര്‍ധാരണയിലെ മറ്റൊരു കറുത്ത അധ്യായമായെന്നും സുധാകരൻ കുറ്റപ്പെടുത്തി. ഭരണകക്ഷി എംഎല്‍എയുടെ വീട്ടില്‍ കയറിവരെ റെയ്‌ഡ്‌ നടത്തി കോടികളുടെ കൈക്കൂലിപ്പണം പിടിച്ചെടുക്കുന്ന കര്‍ണാടക ലോകായുക്തയെ കേരള ലോകായുക്ത കണ്ടുപഠിക്കണം.

രോഗം, അപകടങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവയ്‌ക്ക് മാത്രമേ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിക്കാവൂ. മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ പ്രൈവറ്റ് വാഹനമിടിച്ച് മരിച്ച പൊലീസുകാരന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ആനുകൂല്യം കൂടാതെ 20 ലക്ഷം രൂപയും ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന അന്തരിച്ച കെകെ രാമചന്ദ്രന്‍ നായരുടെ മകന് ജോലിക്കു പുറമെ വായ്‌പകള്‍ തിരിച്ചടയ്‌ക്കാൻ ഒൻപത് ലക്ഷം രൂപയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍റെ കുടുംബത്തിന് വിദ്യാഭ്യാസ ചെലവുകൾ ഉള്‍പ്പെടെ 25 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നിയമങ്ങൾ കാറ്റില്‍പ്പറത്തി അനുവദിച്ച അഴിമതിയാണ്.

കേരളം കണ്ട വലിയ വെള്ളാന: വാര്‍ഷിക ശമ്പളമായി 56.65 ലക്ഷം രൂപ കൈപ്പറ്റുന്ന ലോകായുക്തയും ഉപലോകായുക്തയും 4.08 കോടി രൂപ ചെലവാക്കുന്ന ലോകായുക്തയുടെ ഓഫിസും കേരളം കണ്ട വലിയ വെള്ളാനയാണിപ്പോഴെന്നും സുധാകരൻ കുറ്റപ്പെടുത്തി. അതേസമയം കേസിൽ വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി പറയാത്ത ലോകായുക്ത നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പരാതിക്കാരൻ. വാദം പൂർത്തിയായ കേസുകളിൽ ആറുമാസത്തിനുള്ളിൽ വിധി പറയണമെന്ന സുപ്രീം കോടതി നിർദേശമുണ്ട്.

ഇതിന്‍റെ ചുവട് പിടിച്ചാണ് ലോകായുക്തക്കെതിരായ പരാതിക്കാരൻ ആർഎസ് ശശികുമാറിന്‍റെ നീക്കം. ലോകായുക്ത രജിസ്‌ട്രാർക്കെതിരായാണ് ഹൈക്കോടതിയെ സമീപിക്കുക.

ABOUT THE AUTHOR

...view details