തിരുവനന്തപുരം:കാസര്‍കോട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് ഞായറാഴ്‌ച ആരംഭിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിനിന്‍റെ ഉദ്ഘാടന ചടങ്ങിനെ തരംതാണ രാഷ്ട്രീയക്കളിക്കായി ബിജെപി മാറ്റിയെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് കേരളത്തിന് വന്ദേ ഭാരത് തീവണ്ടി വേണമെന്ന് ആദ്യമായി പാര്‍ലമെന്‍റില്‍ സബ്‌മിഷനിലൂടെ ആവശ്യപ്പെട്ടത് കാസര്‍കോട് എംപി രാജ് മോഹന്‍ ഉണ്ണിത്താനാണെന്ന് കെ മുരളീധരന്‍. കേരളത്തിലെ എംപിമാരുടെ കൂട്ടായ ഫലമായാണ് കേരളത്തിന് വന്ദേഭാരത് ലഭിച്ചതും അതിന് നല്ല പ്രതികരണം യാത്രക്കാരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും എംപി പറഞ്ഞു. എന്നാല്‍ രണ്ടാം വന്ദേഭാരതിന്‍റെ ഉദ്ഘാടന ചടങ്ങ് ബിജെപി പൂര്‍ണമായും അവരുടെ ചടങ്ങാക്കി മാറ്റി. സ്ഥലം എംഎല്‍എയെ സംസാരിക്കാന്‍ അനുവദിക്കാത്തിടത്ത് ബിജെപിയുടെ രാഷ്ട്രീയക്കളി തുടങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആലപ്പുഴയില്‍ എല്ലാ സീമകളും ലംഘിച്ച് വന്ദേ ഭാരതിനെ പാസഞ്ചര്‍ ട്രെയിന്‍ പോലെയാക്കി. ട്രെയിനിനെ ബിജെപി ഓഫിസാക്കി. സാധാരണ യാത്രക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് ബിജെപിക്കാര്‍ക്ക് മാത്രം ട്രെയിനില്‍ പ്രവേശനം നല്‍കി. ഇത് മറ്റ് ട്രെയിനുകളെയെല്ലാം ബാധിച്ചു. ട്രെയിനിന്‍റെ ആദ്യ യാത്ര വി മുരളീധരന്‍ അദ്ദേഹത്തിന്‍റെ പര്യടനം പോലെയാക്കിയത് തീര്‍ത്തും നിലവാരമില്ലാത്ത നടപടിയായിപ്പോയി.
ഇത്തരം ചടങ്ങുകള്‍ തെറ്റായ പ്രവണതകള്‍ സൃഷ്‌ടിക്കും. കേരളത്തിലേക്ക് കിട്ടുന്ന വികസനം ഇല്ലാതാക്കാതിരിക്കാനാണ് ഇതിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിക്കാത്തത്. വി.മുരളീധരന്‍ കേരളത്തിന് വേണ്ടി സംസാരിക്കുന്നില്ലെന്ന് മാത്രമല്ല, ലഭിക്കുന്നവയുടെ മുഴുവന്‍ ക്രെഡിറ്റും അവകാശപ്പെടുകയാണ്.