തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നതിന് ചട്ടം ലംഘിച്ച് കരാറിൽ ഏർപ്പെട്ടിരുന്നതായി മന്ത്രി കെ. കൃഷ്‌ണൻകുട്ടി നിയമസഭയിൽ. കെഎസ്ഇബി 2014-15 കാലയളവിൽ ഒപ്പുവച്ച ചില ദീർഘകാല വൈദ്യുതി വാങ്ങൽ കരാറിൽ സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. ബോർഡ് സർക്കാരിന് സമർപ്പിച്ച പ്രൊപ്പോസൽ പരിശോധിച്ച് ഉചിതമായ ശിപാർശ സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു.
സ്റ്റാൻഡേർഡ് ബിഡ്ഡിങ് ഡോക്യുമെൻ്റിനു വന്ന വ്യതിയാനങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിക്കേണ്ടതില്ലെന്ന് സമിതി ശിപാർശ ചെയ്‌തിട്ടുണ്ട്. ദീർഘകാല കരാറുകളിലെ ചില വ്യവസ്ഥകൾ ഒഴിവാക്കിയാൽ 800 കോടി രൂപയുടെ അധിക ബാധ്യത ഒഴിവാക്കാൻ കഴിയുമെന്ന് സമിതി അനുമാനിച്ചിട്ടുണ്ട്. ഈ ശിപാർശയിൽ സർക്കാർ തീരുമാനം എടുക്കുന്ന മുറയ്ക്ക് അന്തിമ തീരുമാനങ്ങൾക്കായി സംസ്ഥാന റെഗുലേറ്ററി കമ്മിഷനെ സമീപിക്കുമെന്നും മന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു.