തിരുവനന്തപുരം : കായംകുളം എം എസ് എം കോളജിൽ എംകോമിന് അഡ്‌മിഷൻ നേടുന്നതിനായി നിഖിൽ തോമസ് ചെയ്‌ത പ്രവര്‍ത്തി ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും കോളജിനെയും സർവകലാശാലയേയും വഞ്ചിക്കുകയായിരുന്നുവെന്നും സിപിഎം നേതാവും സിൻഡിക്കേറ്റ് അംഗവുമായ കെ എച്ച് ബാബുജാൻ. അഡ്‌മിഷൻ നേടുന്നതിനായി നടത്തിയ നിയമവിരുദ്ധ നടപടികളിൽ തന്‍റെ പേര് ബന്ധപ്പെടുത്താൻ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരിട്ട് പരിചയമുള്ളവർക്ക് തന്നെ നന്നായി അറിയാം.
ഒരു നിയമ വിരുദ്ധ കാര്യത്തിനും കൂട്ടുനിൽക്കില്ല. പലർക്ക് വേണ്ടിയും താൻ ശുപാർശ ചെയ്‌തിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഓർത്തിരിക്കാൻ ആകില്ല. അഡ്‌മിഷൻ ലഭിക്കുന്ന സമയത്ത് നിഖിൽ അറിയപ്പെടുന്ന ആളല്ല. സർട്ടിഫിക്കറ്റ് നോക്കിയല്ല ആരും ശുപാർശ ചെയ്യുന്നത്.
വ്യാജ സർട്ടിഫിക്കറ്റിന് പിന്നിൽ റാക്കറ്റ് :സർട്ടിഫിക്കറ്റ് നോക്കേണ്ടത് കോളജിന്‍റെ ചുമതലയാണ്. സർവകലാശാലയ്‌ക്ക് കളങ്കം ഉണ്ടാക്കുന്ന ഒന്നും താൻ ചെയ്‌തിട്ടില്ല. വ്യാജ സർട്ടിഫിക്കറ്റിന് പിന്നിൽ റാക്കറ്റ് ഉണ്ടെന്നും ബാബുജാൻ പറഞ്ഞു. ഇതേക്കുറിച്ച് മാധ്യമങ്ങളും പൊലീസും അന്വേഷണം നടത്തണം. കോളജുകളാണ് മാനദണ്ഡങ്ങൾ പാലിച്ച് അഡ്‌മിഷൻ നൽകേണ്ടത്.
സത്യവിരുദ്ധമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയരുന്നത്. തുല്യത സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കിയെന്ന ആരോപണം ശരിയല്ല. ഓൺലൈൻ അഡ്‌മിഷൻ സമിതിയാണ് പി ജി അഡ്‌മിഷന് വേണ്ടി സമയപരിധി നീട്ടി നൽകിയത്. 600 സീറ്റ് ഒഴിഞ്ഞ് കിടന്നതുകൊണ്ടാണ് പിജി പ്രവേശന തീയതി നീട്ടിയത്.