തിരുവനന്തപുരം : കേരളത്തിലെ ഇടതു-വലതുമുന്നണികളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഇരു മുന്നണികളുടെയും പ്രവര്‍ത്തികള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അപകീര്‍ത്തിപരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന വിശാൽ ജനസഭയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ദൈവത്തിന്‍റെ സ്വന്തം രാജ്യം അഴിമതിയുടെ കേന്ദ്രമായി മാറി. എഐ കാമറ പോലുള്ള പദ്ധതികളില്‍ പോലും വലിയ അഴിമതികള്‍ നടക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മേളനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. കോൺഗ്രസ് മോദിയെ ചായക്കാരൻ എന്ന് വരെ വിളിച്ച് വ്യക്തിപരമായി അധിക്ഷേപിക്കുന്നു. എന്നാൽ ഭാരതത്തിലെ ജനങ്ങൾ മോദിയോടൊപ്പമുണ്ട്. വംശ പരമ്പരയുടെ ഭരണം വികസനത്തിന്‍റെ ഭരണമാക്കി മോദി മാറ്റിയെന്നും നദ്ദ അഭിപ്രായപ്പെട്ടു.
1975 ജൂൺ മാസം 25ന് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധിയുടെ മുത്തശ്ശി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ, രാഹുൽ ഗാന്ധി ലണ്ടനിൽ പോയി ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളെ കുറിച്ചും ബിജെപി ദേശീയ അധ്യക്ഷന്‍ സംസാരിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ദേശീയപാത വികസനം പരമാവധി പൂര്‍ത്തിയായി. കേരളത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്‍റെ ഉയര്‍ച്ചയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ലക്ഷ്യം.
പ്രബുദ്ധ കേരളത്തില്‍പ്പോലും രണ്ട് ലക്ഷത്തിലധികം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. ഇതിനര്‍ഥം ഇത്രയും സ്ത്രീകള്‍ക്ക് ഇവിടെ ശൗചാലയ സൗകര്യം ഉണ്ടായിരുന്നില്ല എന്നാണ്.
മോഡേൺ ഇന്ത്യയുടെ പ്രതീകമാണ് കേരളത്തിന് ലഭിച്ച വന്ദേ ഭാരത് എക്സ്പ്രസ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവളമാണ് തിരുവനന്തപുരത്തുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയിൽവേ സ്റ്റേഷൻ തന്നെ തിരുവനന്തപുരത്തിന് ലഭിക്കും.
ഇവിടുത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് അഞ്ച് കിലോ വീതം അരിയും ഗോതമ്പും അന്നയോജന വഴി നല്‍കുന്നു. യൂറോപ്പിലെ മുഴുവൻ ജനസംഖ്യയേക്കാൾ ജനങ്ങൾക്ക് അന്നയോജന വഴി മോദി സർക്കാർ ഭക്ഷ്യ വിതരണം നടത്തി.
50 കോടി ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകി കഴിഞ്ഞു. കേരളത്തിൽ 22 ലക്ഷം ജനങ്ങൾ ഇത് പ്രയോജനപ്പെടുത്തുന്നു. 20 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് നരേന്ദ്ര മോദി സർക്കാർ കിസാൻ സമ്മാൻ നിധി വഴി സഹായം എത്തിച്ചു. കൊവിഡ് കാലത്ത് മോദി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും നദ്ദ തന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.
വിമര്‍ശനവുമായി കെ സുരേന്ദ്രന്‍ : ഒരു സ്ഥലത്ത് പൊലീസിന്‍റെ അതിക്രമം, മറുവശത്ത് സര്‍ക്കാരിന്‍റെ അതിക്രമം എന്നിങ്ങനെയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. വ്യവസായികളെ ആട്ടിയോടിക്കുന്ന കാഴ്‌ചയാണ് എങ്ങും. ബസ് വ്യവസായിയെ ആക്രമിക്കാൻ വന്നത് സിഐടിയു ഉപാധ്യക്ഷൻ തന്നെയാണ്. സംരംഭകരെ അടിച്ചൊതുക്കുകയും ആത്മഹത്യയിലേക്ക് തള്ളി വിടുകയും ചെയ്യുന്ന സർക്കാർ നടപടിക്കെതിരെ രാഷ്ട്രീയം നോക്കാതെ പ്രതികരിക്കും.
സർവകലാശാലകളിൽ പഠിക്കാതെ എസ്എഫ്ഐക്കാർ പരീക്ഷ പാസാകുന്നു. ഇലക്ഷനിൽ മത്സരിക്കാതെ അവര്‍ യൂണിയന്‍ കൗണ്‍സിലര്‍മാര്‍ ആകുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷത്തേയും സുരേന്ദ്രന്‍ വിമര്‍ശിച്ചു.
Also Read:തിരുവാർപ്പ് സിഐടിയു സമരം; മാധ്യമപ്രവർത്തകരെ മർദിച്ചതായി പരാതി
കെപിസിസി പ്രസിഡന്‍റ് തട്ടിപ്പ് കേസില്‍ അകത്താകുന്നു. പ്രധാന പ്രതിപക്ഷത്തിന്‍റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. യു ഡി എഫും എൽ ഡി എഫും ഒരു പോലെ ജനങ്ങൾക്ക് മുൻപിൽ വിവസ്ത്രരായി നിൽക്കുന്നുവെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.