തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നാളെ കേരളത്തിലെത്തും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ലക്ഷ്യം വച്ചുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയാണ് സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം. ബിജെപി കോര്‍ കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്‌ത ശേഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബി.ജെ.പി കൗണ്‍സിലര്‍മാരുമായും ജെപി നദ്ദ കൂടിക്കാഴ്‌ച നടത്തും. നാല്‍പതിലേറെ മണ്ഡലങ്ങളില്‍ പരിശ്രമിച്ചാല്‍ വിജയിക്കാമെന്ന കണക്കു കൂട്ടല്‍ ബിജെപി ദേശീയ നേതൃത്വത്തിനുണ്ട്. ഇത് 71ലേക്ക് എത്തിക്കേണ്ട തന്ത്രങ്ങളാകും കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയാകുക.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നാളെ കേരളത്തിലെത്തും
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയാണ് സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം.
അതേ സമയം ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ പോലും വിജയിക്കാനാകാത്ത ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ മെച്ചപ്പെട്ട പ്രകടനം നടത്താനാകുമെന്നതും ചോദ്യമാണ്. നേതാക്കള്‍ക്കിടയിലെ പടലപിണക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം ദേശീയ അധ്യക്ഷന്‍റെ ഭാഗത്തു നിന്നുണ്ടാകുമോ എന്നതും ഏവരും ഉറ്റു നോക്കുന്നുണ്ട്.
നാളെ ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം വിമനാത്താവളത്തിലെത്തുന്ന ജെ പി നദ്ദയെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ സ്വീകരിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് കോര്‍ കമ്മിറ്റി യോഗത്തെ അദ്ദേഹം അഭിമുഖീകരിക്കും. വൈകിട്ട് 3.30ന് മാധ്യമങ്ങളെ കണ്ട ശേഷം 4.30ന് കോര്‍പ്പറേഷനുകളിലേക്ക് വിജയിച്ച ബി.ജെ.പി കൗണ്‍സിലര്‍മാരുമായി സംവദിക്കും. വൈകിട്ട് 6ന് പദ്‌മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനു ശേഷം രാത്രി 8ന് തലസ്ഥാനത്തെ പ്രമുഖ വ്യക്തികളുമായി അത്താഴ വിരുന്നില്‍ പങ്കെടുക്കും. തുടര്‍ന്ന് ഫെബ്രുവരി 4 ന് പുലര്‍ച്ചെ അദ്ദേഹം കൊച്ചിയിലേക്കു പോകും. അന്നേ ദിവസം വൈകിട്ട് അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവരുടെ കേരള സന്ദര്‍ശനവും, വേദികളും യോഗത്തില്‍ ചര്‍ച്ചയാകും.