തിരുവനന്തപുരം: ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്‌ദാനം ചെയ്തെന്ന് ബാറുടമ ബിജു രമേശ്. ആദ്യം ഭീഷണിപ്പെടുത്തിയെങ്കിലും പിൻമാറില്ലെന്ന് കണ്ടപ്പോഴാണ് ജോസ് കെ മാണി വാഗ്‌ദാനവുമായെത്തിയത്. ബാർ അസോസിയേഷൻ മുൻ പ്രസിഡന്‍റ് ജോൺ കല്ലാട്ടിന്‍റെ ഫോണിൽ വിളിച്ചാണ് തുക വാഗ്‌ദാനം ചെയ്‌തതെന്നും ബിജു രമേശ് വെളിപ്പെടുത്തി. ബാർ കോഴ ആരോപണം ഉന്നയിച്ചത് തെറ്റായിപ്പോയെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തണണമെന്നാണ് ജോസ് കെ മാണി ആവശ്യപ്പെട്ടത്.
ബാർ കോഴ കേസിൽ ജോസ് കെ മാണി പത്ത് കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്ന് ബിജു രമേശ് - Jose K Mani offered Rs 10 lakh in bar bribery case
ബാർ കോഴക്കേസിൽ ആരോപണം പിൻവലിച്ചാൽ എന്തു വേണമെങ്കിലും ചെയ്യാമെന്നായിരുന്നു ജോസ് കെ മാണിയുടെ വാഗ്‌ദാനമെന്ന് ബാറുടമ ബിജു രമേശ് പറഞ്ഞു.
ആരോപണം പിൻവലിച്ചാൽ എന്തു വേണമെങ്കിലും ചെയ്യാമെന്നായിരുന്നു വാഗ്‌ദാനം. പിന്നീട് അത് പത്ത് കോടി രൂപയിലേയ്ക്കെത്തി. ബാർ കോഴക്കേസിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന ജോസ് കെ മാണിയുടെ വാദത്തെ തുടർന്നാണ് ഇപ്പോൾ പ്രതികരിച്ചതെന്നും ബിജു രമേശ് പറഞ്ഞു. ബാർ കോഴ കേസിൽ ഒരു ഗൂഢാലോചനയും നടന്നിട്ടില്ല. ഇതു സംബന്ധിച്ച് ഒരു രാഷ്ട്രീയ പാർട്ടിയുമായും ഗൂഢാലോചന നടത്തിയിട്ടില്ല. വസ്‌തുതാ വിരുദ്ധമായ ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. റിപ്പോർട്ടിന്‍റെ ആധികാരികത ജോസ് കെ മാണി തന്നെ വ്യക്തമാക്കണം. ബാർ കോഴ ആരോപണം ഉന്നയിച്ചതിന്‍റെ പേരിൽ കോടികളാണ് തനിക്ക് നഷ്‌ടമായത്. ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണെന്നും ബിജു രമേശ് ആവർത്തിച്ചു.
മുൻ മന്ത്രി കെ ബാബുവിന്‍റെ നിർദേശപ്രകാരം അദ്ദേഹം പറഞ്ഞ പലർക്കും തുക കൈമാറി. 50 ലക്ഷം രൂപ ബാബുവിന് ഓഫീസിലും ഒരു കോടി രൂപ രമേശ് ചെന്നിത്തലയുടെ ഓഫീസിലും നൽകി. രണ്ട് കോടി രൂപ കെപിസിസിക്ക് നൽകിയെന്നും ബിജു രമേശ് പറഞ്ഞു. ബാർ കോഴ കേസ് കെഎം മാണിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.