എറണാകുളം:ഏകസിവില്‍ കോഡിലെ സ്വകാര്യ ബില്‍ അവതരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരായ മുസ്‌ലിം ലീഗ് എംപി പിവി അബ്‌ദുല്‍ വഹാബിന്‍റെ വിമർശനത്തിനെതിരെ ജെബി മേത്തർ എംപി. രാജ്യസഭയിൽ അവതരിപ്പിച്ച ഏകസിവിൽ കോഡ് ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ കോൺഗ്രസിന്‍റെ മൂന്ന് എംപിമാർ ശക്തമായ പ്രതികരണമാണ് നടത്തിയത്. ഹനുമന്തയ്യയും ഇമ്രാൻ പ്രതാപ്‌ഗർഹിയും താനും ശക്തമായി ഏക സിവിൽ കോഡ് ബില്ലിനെതിരെ സംസാരിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
'ഏകസിവില്‍ കോഡില്‍ കോണ്‍ഗ്രസ് ശക്തമായി പ്രതികരിച്ചിരുന്നു': വിവാദമാക്കേണ്ടതില്ലെന്ന് ജെബി മേത്തര്‍
ഏകസിവില്‍ കോഡിലെ സ്വകാര്യ ബില്‍ അവതരണവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസിനെതിരയാ ലീഗ് എംപി പിവി അബ്‌ദുല്‍ വഹാബിന്‍റെ ആരോപണം. ഇതിനെതിരെയാണ്‍ കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍ രംഗത്തെത്തിയത്
ഈ ബില്ല് ഭരണഘടന വിരുദ്ധമാണെന്ന വ്യക്തമായ നിലപാടാണ് സ്വീകരിച്ചത്. കോൺഗ്രസിന്‍റെയും ഘടകകക്ഷികളുടെയും നയം ഒന്നുതന്നെയാണ്. ഇത് വിവാദമാക്കേണ്ടതില്ല. കൂടുതൽ കോൺഗ്രസ് നേതാക്കൾ ചർച്ചയിൽ പങ്കെടുത്തില്ല എന്ന ആക്ഷേപത്തോട് പ്രതികരിക്കാനില്ല. പങ്കെടുത്തവർ എല്ലാവരും കോൺഗ്രസിന്‍റെ നയം വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ ബില്ലിന്‍റെ കാര്യത്തിലുള്ള പ്രാഥമിക ചർച്ച മാത്രമാണ് നടന്നതെന്നും ജെബി മേത്തർ പറഞ്ഞു.
ഏകസിവില്‍ കോഡിലെ സ്വകാര്യ ബില്‍ അവതരണസമയത്ത് കോണ്‍ഗ്രസ് എതിര്‍ത്തില്ലെന്നും ആ പാര്‍ട്ടിയുടെ ഒരംഗം പോലും രാജ്യസഭയില്‍ ഇല്ലായിരുന്നു എന്നുമാണ് അബ്‌ദുല്‍ വഹാബ് എംപിയുടെ ആരോപണം. ഇന്നലെയായിരുന്നു (ഡിസംബര്‍ ഒന്‍പത്) രാജ്യസഭയില്‍ ഏകസിവില്‍ കോഡിലെ സ്വകാര്യ ബില്‍ അവതരണം നടന്നത്.