തിരുവനന്തപുരം:ജസ്‌ന തിരോധാനത്തിൽ നിർണായക വെളിപ്പെടുത്തൽ. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരനാണ് ജസ്‌ന കേസ് അന്വേഷണ ടീമിന് മൊഴി നൽകിയത്. സെല്ലിൽ തനിക്കൊപ്പം ഉണ്ടായിരുന്ന മോഷണക്കേസിലെ പ്രതിക്ക് ജസ്‌ന തിരോധാനത്തെകുറിച്ച് അറിവുണ്ടെന്നും തന്നോട് അത് പറഞ്ഞു എന്നുമാണ് മൊഴി.
കോട്ടയം എരുമേലിയിൽ നിന്നും കാണാതായ ജസ്‌നക്കായുള്ള അന്വേഷണത്തിൽ വഴിത്തിരിവ് ആയേക്കാവുന്ന മൊഴിയാണ് സിബിഐക്ക് ലഭിച്ചത്. പോക്സോ തടവുകാരനാണ് ജസ്‌ന തിരോധാന കേസിൽ സിബിഐയ്ക്ക് മൊഴി നൽകിയത്. അതേസമയം, മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പത്തനംതിട്ട സ്വദേശി ഇപ്പോൾ ഒളിവിലാണ്.
2018 മാർച്ച് 22നാണ് കോട്ടയം കാഞ്ഞിരപ്പള്ളി എസ് ഡി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ ജസ്‌ന മരിയ ജെയിംസിനെ വീട്ടിൽ നിന്നും മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകും വഴി എരുമേലിയിൽ നിന്നും കാണാതാകുന്നത്. ജസ്‌നയെ കണ്ടെത്താൻ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചുമടക്കം നിരവധി സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അന്വേഷണത്തിൽ പുരോഗതി ഇല്ലെന്ന് കാണിച്ച് ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതോടെയാണ് കേസ് സിബിഐക്ക് കൈമാറാൻ 2021 ഫെബ്രുവരിയിൽ ഉത്തരവാകുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് അന്വേഷിക്കുന്നത്.