തിരുവനന്തപുരം: ഒന്നരവർഷമായി സസ്പെൻഷനിൽ ആയിരുന്ന ജേക്കബ് തോമസ് ഐ.പി.എസിന് വീണ്ടും നിയമനം നടത്താൻ സർക്കാർ തീരുമാനം. സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ എംഡിയായാണ് ജേക്കബ് തോമസിനെ നിയമിച്ചിരിക്കുന്നത്. 2017 ഡിസംബർ ഇരുപതിനാണ് സർക്കാർ വിരുദ്ധ പരാമർശങ്ങളുടെ പേരിലും പുസ്‌തകം എഴുതിയതുമായി ബന്ധപ്പെട്ടും ജേക്കബ് തോമസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തത്. ഇതിനെതിരെ ജേക്കബ് തോമസ് സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്‌തിരുന്നു. വിധി വന്ന് രണ്ടര മാസം കഴിഞ്ഞാണ് വ്യവസായ വകുപ്പിന് കീഴിലുള്ള സ്റ്റീൽ ആന്‍റ് മെറ്റൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ എം.ഡിയായി നിയമിക്കാൻ മന്ത്രിസഭ ശുപാർശ ചെയ്‌തത്. ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെക്കുകയും ചെയ്‌തു.
ജേക്കബ് തോമസിന് നിയമനം നല്‍കാൻ തീരുമാനം - IPS
സ്റ്റീൽ ആൻഡ് മെറ്റൽസ് കോർപ്പറേഷൻ എം.ഡിയായി നിയമിക്കും
പൊലീസിലെ മുതിർന്ന ഡി.ജി.പി ആയിരുന്ന ജേക്കബ് തോമസിന് തിരികെ പൊലീസിൽ തന്നെ നിയമനം നൽകണമെന്നായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്. ഇക്കാര്യം ജേക്കബ് തോമസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് സർക്കാർ തയ്യാറായിട്ടില്ല. പൊലീസിലെ കേഡർ പദവിയിൽ തന്നെ നിയമനം വേണമെന്ന ആവശ്യം പരിഗണിക്കാത്തതിനാൽ ഈ നിയമനം ജേക്കബ് തോമസ് അoഗീകരിക്കാൻ സാധ്യതയില്ല. അങ്ങനെയാണെങ്കിൽ നിയമ പോരാട്ടം തുടരാൻ തന്നെയാകും ജേക്കബ് തോമസ് തീരുമാനിക്കുക. ജേക്കബ് തോമസിന്‍റെ പേരിലുള്ള വിജിലൻസ് കേസുകൾ തന്നെ ആകണം പൊലീസിലേക്ക് നിയമനം നൽകാതിരിക്കുന്നതിന് സർക്കാർ കാരണമായി ചൂണ്ടിക്കാട്ടുക.