തിരുവനന്തപുരം: ISRO ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന ഹർജി തള്ളി. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് ഉത്തരവ്. ക്രിമിനൽ ചട്ട പ്രകാരം ഹർജി നിലനിൽക്കുകയില്ല എന്ന സി.ബി.ഐ വാദം പരിഗണിച്ചാണ് ഹർജി, കോടതി തള്ളിയത്.
ISRO ഗുഢാലോചന കേസിലെ ഒന്നാം പ്രതി എസ്. വിജയനാണ് സ്വാകര്യ ഹർജി നൽകിയത്. കേസ് അട്ടിമറിക്കാനും നടപടിയില്‍ നിന്ന് രക്ഷപ്പെടാനും സി.ബി.ഐയിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് നമ്പി നാരായണൻ ഭൂമി കൈമാറിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. സി.ബി.ഐ മുൻ ഡി.വൈ.എസ്.പി ഹരി വത്സന്‍റെ സഹോദരിയ്‌ക്ക് നമ്പി നാരായണൻ ഭൂമി കൈമാറുന്നത് ഉൾപ്പടെയുള്ള രേഖകൾ കോടതിയിൽ വിജയൻ ഹാജരാക്കിയിരുന്നു.