തിരുവനന്തപുരം: ഡി.ജി.പി റാങ്കിലുള്ള വിജിലന്‍സ് ഡയറക്‌ടര്‍ പദവിയില്‍ സംസ്ഥാന ചരിത്രത്തിലാദ്യമായി ഐ.ജിയെ നിയമിച്ചതില്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്‌തി. വിജിലന്‍സ് ഡയറക്‌ടർ സ്ഥാനത്തു നിന്ന് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ നീക്കി വിജിലന്‍സ് ഐ.ജി എച്ച്. വെങ്കിടേഷിനെ ഡയറക്‌ടറായി വെള്ളിയാഴ്‌ച രാത്രി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. സ്വപ്‌നയുടെ ആദ്യ വെളിപ്പെടുത്തലിന്‍റെ തൊട്ടടുത്ത ദിവസം സ്വപ്‌നയുടെ പങ്കാളിയും സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതിയുമായ സരിത്തിനെ വിജിലന്‍സ് സംഘം അദ്ദേഹത്തിന്‍റെ ഫ്‌ളാറ്റിലെത്തി ബലമായി പിടിച്ചു കൊണ്ടു പോവുകയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.
ഇത് സര്‍ക്കാരിന് വലിയ നാണേക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് അജിത്കുമാറിന്‍റെ സ്ഥാനചലനം എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഡി.ജി.പി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കുള്ള കേഡര്‍ തസ്‌തികയാണ് വിജിലന്‍സ് ഡയറക്‌ടറുടേത്. സാധാരണ എ.ഡി.ജി.പിമാരെ ഈ തസ്‌തികയില്‍ നിയമിക്കാറുണ്ടെങ്കിലും ഡി.ജി.പിയുടെ തസ്‌തികയില്‍ ഐ.ജിയെ നിയമിച്ചത് അസാധാരണ നടപടിയാണെന്നാണ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചര്‍ച്ച. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെ ഡി.വൈ.എസ്‌പിയായും എസ്.പിയായും ഒറ്റയടിക്കു നിയമിച്ചതിനു സമാനമാണ് ഈ നടപടിയെന്നാണ് ഐ.പി.എസ് ഉദ്യോഗസ്ഥരിലൊരാള്‍ ഇതിനെ വിശേഷിപ്പിച്ചത്.
സംസ്ഥാന പൊലീസില്‍ നിലവില്‍ നാല് ഡി.ജി.പിമാരുണ്ട്. പൊലീസ് മേധാവി അനില്‍കാന്തിനു പുറമേ ടോമിന്‍ ജെ.തച്ചങ്കിരി, ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യ, ജയില്‍ മേധാവി സുധേഷ്‌കുമാര്‍ എന്നിവര്‍ ഡി.ജി.പി തസ്‌തികയിലുള്ളവരാണ്. ഇതില്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടോമിന്‍ ജെ തച്ചങ്കരിയാകട്ടെ താരതമ്യേന അപ്രധാന തസ്‌തികയായ മനുഷ്യാവകാശ കമ്മിഷന്‍ ഡി.ജി.പിയാണ്. അദ്ദേഹത്തെ നേരത്തേ പൊലീസ് മേധാവി സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിച്ചിരുന്നതുമാണ്.
എന്നിട്ടും അദ്ദേഹം തഴയപ്പെട്ടെന്നാണ് ആക്ഷേപം. 11 എ.ഡി.ജിപിമാരാണ് സംസ്ഥാന പൊലീസിലുള്ളത്. ആനന്തകൃഷ്‌ണന്‍, പദ്‌മകുമാര്‍, ഷേക്ക് ദര്‍വേഷ് സാഹിബ്, സഞ്ജീവ്കുമാര്‍ പട്‌ജോഷി, ടി.കെ.വിനോദ് കുമാർ, യോഗേഷ് ഗുപ്‌ത, മനോജ് എബ്രഹാം, എസ്.ശ്രീജിത്, എം.ആര്‍.അജിത്കുമാര്‍, വിജയ് സാക്കറേ, ബല്‍റാംകുമാര്‍ ഉപാദ്ധ്യായ എന്നിവരാണ് എ.ഡി.ജി.പിമാര്‍. പൊലീസ് മേധാവി അനില്‍കാന്ത് ജനുവരിയില്‍ വിരമിക്കേണ്ടതായിരുന്നെങ്കിലും അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കിയതിനെ തുടര്‍ന്നാണ് ആനന്തകൃഷ്‌ണന് ഡി.ജിപിയായി സ്ഥാന കയറ്റം ലഭിക്കാത്തത്.