കേരളം

kerala

ETV Bharat / state

ആദിവാസി യുവാവിനും പിതാവിനും ചികിത്സ നിഷേധിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി - യുവാവിനും പിതാവിനും ചികിത്സ നിഷേധിച്ച സംഭവം

അപകടത്തില്‍ പരിക്കേറ്റ് എത്തിയ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തിരുവനന്തപുരം പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍ ചികിത്സ നിഷേധിച്ചുവെന്നാണ് ആരോപണം

treatment refused for Adivasi youth and father  ആദിവാസി യുവാവിനും പിതാവിനും ചികിത്സ നിഷേധിച്ചു  ഡോക്‌ടര്‍ ചികിത്സ നിഷേധിച്ചു  ചികിത്സ നിഷേധിച്ചു  യുവാവിനും പിതാവിനും ചികിത്സ നിഷേധിച്ച സംഭവം  പുത്തൂർ കുടുംബാരോഗ്യ കേന്ദ്രം
ആദിവാസി യുവാവിനും പിതാവിനും ചികിത്സ നിഷേധിച്ച സംഭവം

By

Published : Jan 22, 2023, 9:01 PM IST

തിരുവനന്തപുരം: ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവാവിനും പിതാവിനും പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചുവെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവ്. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജാണ് സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്‌ടർക്ക് നിർദേശം നൽകിയത്. ജനുവരി 20നാണ് തൃശൂർ പുത്തൂരിൽ അപകടത്തിൽ പരിക്കേറ്റ ആദിവാസി യുവാവിനും പിതാവിനും ചികിത്സ നിഷേധിച്ചത്.

ചികിത്സ ലഭിക്കാതെ കാത്തിരുന്നത് ഒരു മണിക്കൂര്‍:വനമേഖലയിലെ മൂപ്പനായ രമേശിനും മകൻ വൈഷ്‌ണവിനുമാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. മോട്ടോര്‍ ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ ഇരുവരും വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തിയത്. സാരമായി പരിക്കേറ്റ ഇവരോട് അഞ്ച് മണിക്ക് ഒപി സമയം കഴിഞ്ഞുവെന്ന കാരണം ചൂണ്ടിക്കാട്ടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്‌ടര്‍ ചികിത്സ നിഷേധിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്‌ടര്‍ ഗിരീഷിനെതിരെയാണ് ഇവര്‍ പരാതി നല്‍കിയത്.

പ്രാഥമിക ചികിത്സയെങ്കിലും നൽകണമെന്ന് ഇവർ ഡോക്‌ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡോക്‌ടര്‍ ഇത് നല്‍കാതെ വന്നതോടെ ഇവര്‍ക്ക് ഒരു മണിക്കൂറോളം പുറത്ത് കാത്തിരിക്കേണ്ടി വന്നു. എന്നാൽ പുറത്തേക്ക് ഇറങ്ങി വന്ന ഡോക്‌ടര്‍ ചികിത്സ നൽകാതെ കാറിൽ കയറി പോവുകയായിരുന്നെന്നും യുവാവും പിതാവും പറയുന്നു. ചികിത്സ ഇവർ ആവശ്യപ്പെട്ടതിനുശേഷം ഒരുപാട് സമയം സ്ഥലത്തുണ്ടായിരുന്നിട്ടുപോലും തങ്ങളോട് പൂർണമായ അവഗണനയാണ് ഡോക്‌ടര്‍ കാണിച്ചതെന്നും രമേശനും വൈഷ്‌ണവും ആരോപിക്കുന്നു. ശേഷം, ഇവിടെ നിന്നും ഇറങ്ങി ഏറെ ദൂരം സഞ്ചരിച്ച് സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് ഇരുവരും ചികിത്സ തേടിയത്. തുടർന്ന്, തൃശൂര്‍ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ ശനിയാഴ്‌ച ഇരുവരും പരാതിയുമായി എത്തുകയായിരുന്നു.

റിപ്പോർട്ട് ആവശ്യപ്പെട്ട് തൃശൂർ ജില്ല കലക്‌ടറും:അതേസമയം താൻ മൂത്രമൊഴിക്കാൻ പോയതിനുശേഷം തിരികെ എത്തിയപ്പോൾ രമേശനും മകൻ വൈഷ്‌ണവും അനാവശ്യമായി തന്നോട് വഴക്കുണ്ടാക്കുകയായിരുന്നു എന്നാണ് ഡോക്‌ടര്‍ ഗിരീഷ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി ഡോക്‌ടറില്‍ നിന്നും ശേഖരിച്ച മൊഴിയിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ചികിത്സ നൽകാമെന്ന് പറഞ്ഞിട്ടും ഇവർ സ്ഥലത്തുനിന്നും പോവുകയായിരുന്നു എന്നും ഡോക്‌ടര്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ ആരോഗ്യമന്ത്രിക്കും രമേശൻ പരാതി നൽകിയിരുന്നു.

സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രിയുടെ ഓഫിസ് വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇപ്പോഴത്തെ നടപടി. സംഭവത്തിൽ തൃശൂർ ജില്ല കലക്‌ടറും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസും ഊർജിതമായ അന്വേഷണം ആരംഭിച്ചു. അതേസമയം ബൈക്ക് അപകടത്തിൽ രമേശന്‍റെ കൈകാലുകൾക്ക് മുറിവും മകൻ വൈഷ്‌ണവിന്‍റെ കൈയ്ക്ക്‌ പൊട്ടലുമാണ് ഉണ്ടായത്. ജില്ലയിലെ 17 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന 2017ലെ സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവർത്തനം ആരംഭിച്ചത്.

ABOUT THE AUTHOR

...view details