തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടി 2024 ജനുവരി 23 മുതൽ 26 വരെ. കേരളത്തിന്‍റെ കായിക രംഗത്ത് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് പരിപാടി. തലസ്ഥാനത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഉച്ചകോടി നടക്കുക.
കായിക യുവജനകാര്യ വകുപ്പും സംസ്ഥാന സ്പോർട്‌സ് കൗൺസിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.12ൽ പരം അന്തർദേശീയ യൂണിവേഴ്‌സിറ്റികൾ, 20ൽ പരം രാജ്യങ്ങൾ, എൻ ആർ ഐമാർ, സ്പോർട്‌സ് ഫൗണ്ടേഷനുകൾ, അത്ലറ്റുകൾ അടക്കമുള്ളവർ കായിക ഉച്ചകോടിയിൽ പങ്കെടുക്കും. നാല് ദിവസമായി നടക്കുന്ന കായിക ഉച്ചകോടിയിൽ സെമിനാറുകൾ, സംവാദങ്ങൾ അടക്കമുള്ള പരിപാടികളുമുണ്ടാകും. നാല് വേദികളിലായാണ് പരിപാടികൾ നടക്കുക. ആഗോള പങ്കാളിത്തം, കായിക സമ്പദ്ഘടന വികസന പ്രക്രിയ, പുതിയ കായിക നയം എന്നിവ അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ പ്രഖ്യാപിക്കും.