തിരുവനന്തപുരം :അഞ്ച് വനിത സംവിധായകർ പൂർണമായും ഐഫോണിൽ ചിത്രീകരിച്ച അഞ്ച് മിനിട്ട് വീതം ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങൾ പതിനാലാമത് രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയുടെ നാലാം ദിനത്തെ ശ്രദ്ധേയമാക്കി. ഐ ടെയ്ൽസ് എന്ന പേരിൽ പ്രത്യേക പാക്കേജ് ആയിട്ടായിരുന്നു ഐ ഫോൺ ചിത്രങ്ങളുടെ പ്രദർശനം. ഓസ്‌കര്‍ അവാർഡ് ജേതാവും വിഖ്യാത സംഗീതജ്ഞനുമായ എ ആർ റഹ്മാനാണ് 'ഐ ടെയ്ൽസ്' മേളയിൽ അവതരിപ്പിച്ചത്.
വിഖ്യാത ഇറാനിയൻ സംവിധായകൻ മൊഹ്സെൻ മഖ്‌മൽബഫിന്‍റെ മേൽനോട്ടത്തിൽ നടന്ന 'ആർട്ട് ഓഫ് ഫിലിംമേക്കിങ് വർക്ഷോപ്പിന്‍റെ ഭാഗമായി ലോക്ക്ഡൗൺ സമയത്താണ് അഞ്ച് ഹ്രസ്വചിത്രങ്ങളുടെയും ഷൂട്ടിങ് നടന്നത്. സംവിധായകർ പ്രേക്ഷകരുമായി സംവദിക്കാൻ ഉദ്ദേശിക്കുന്ന ആശയം അഞ്ച് മിനിട്ടിനുള്ളില്‍ ഐഫോണിൽ ചിത്രീകരിക്കണമെന്നതായിരുന്നു നിർദ്ദേശം. വർക്ഷോപ്പിന്‍റെ ഭാഗമായി ആകെ 30 ഹ്രസ്വചിത്രങ്ങളാണ് പൂർത്തീകരിച്ചത്. ഇതിൽ നിന്ന് തിരഞ്ഞെടുത്ത 5 ഹ്രസ്വചിത്രങ്ങളാണ് ഐ ടെയ്ൽസ് പാക്കേജായി മേളയിൽ പ്രദർശിപ്പിക്കുന്നത്.
അഞ്ച് വനിതാസംവിധായകർ, പൂര്‍ണമായും ഐ ഫോണില്‍ ചിത്രീകരണം ; കൈയ്യടി നേടി 'ഐ ടെയ്ൽസ്' ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഒരു ഏകാകിയായ കവിയുടെ ജീവിതം വരച്ചുകാട്ടുന്ന, കുട്ടി രേവതി സംവിധാനം ചെയ്ത 'അകമുകം', റിട്ടയർ ചെയ്ത ഭർത്താവിന്‍റെ ചുമതല കൂടി ഏറ്റെടുക്കേണ്ടി വരുന്ന ഭാര്യയുടെ കഥ പറയുന്ന മധുമിത വേണുഗോപാൽ സംവിധാനം ചെയ്ത 'സ്പേസസ്', അനാഥനും എഴുത്തുകാരനുമായ സാബിർ തന്‍റെ പുതിയ നോവൽ പൂർത്തിയാക്കാൻ പ്രയാസപ്പെടുന്നതും തുടർന്നുള്ള സംഭവവികാസങ്ങളും പ്രമേയമാക്കി പൂജ ശ്യാം പ്രഭാത് സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'വൈ ?മാ!, മഹാരാഷ്ട്രയിലെ ലവണി നർത്തകരുടെ ആത്മസംഘർഷങ്ങളും പ്രതീക്ഷകളും പ്രമേയമാക്കി രാജ്ശ്രീ ദേശ്പാണ്ഡെ സംവിധാനം ചെയ്ത മറാത്തി ചിത്രം 'ഡിസ്റ്റോർട്ടഡ് മിറേർസ്', ദിവസക്കൂലിക്കാരനായ കുടിയേറ്റ തൊഴിലാളി മുഹമ്മദ് ഇഖ്ബാലിന്‍റെയും അയാളുടെ ഭിന്നശേഷിക്കാരനായ മകന്‍റെയും യഥാർഥ ജീവിതത്തിന്‍റെ ആവിഷ്കാരമായ സവിത സിങ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'മൾബറി' എന്നിവയാണ് ഐ ടെയ്ൽസ് വിഭാഗത്തിലെ ചിത്രങ്ങൾ. അകമുകത്തിന്‍റെ വിശേഷങ്ങൾ കുട്ടി രേവതി പങ്കുവച്ചു.
ഐ ടെയ്ൽസ് വിഭാഗത്തിലെ അഞ്ച് ചിത്രങ്ങളുടെയും ആദ്യ പ്രദർശനമാണ് ഇന്ന് കൈരളി തിയേറ്ററിൽ നടന്നത്. ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഐ ഫോണിലും സാങ്കേതിക മികവോടെ സിനിമകൾ ചിത്രീകരിക്കാമെന്ന് ഈ വനിത സംവിധായകർ തങ്ങളുടെ ഹ്രസ്വചിത്രങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.