തിരുവനന്തപുരം:അവസാന നിമിഷം വരെ നിശ്ചയദാർഢ്യത്തോടെ രോഗത്തോട് പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്‍റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടൻ ഇന്നസെന്‍റിന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാത്രി 10.30ഓടെയായിരുന്നു അന്ത്യം.
രോഗം എന്ന് കേൾക്കുമ്പോൾ തന്നെ തളർന്നുപോകുന്ന പലർക്കുമിടയിൽ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. എൽഡിഎഫിന്‍റെ ലോക്‌സഭ സ്ഥാനാർത്ഥിയായി മത്സരിച്ച ജയിച്ച ശേഷം അദ്ദേഹം പാർലമെന്‍റിൽ കേരളത്തിന്‍റെ ആവശ്യങ്ങൾ ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കും. പ്രേക്ഷക സമൂഹത്തിന്‍റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനാണ് അദ്ദേഹം.
സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്‌പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്‍റ്. കലാസാംസ്‌കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്‌ടമാണ് ഇന്നസെന്‍റിന്‍റെ വിയോഗം എന്നും പിണറായി വിജയൻ അനുശോചന കുറിപ്പിൽ വ്യക്തമാക്കി.
ഇന്നസെന്‍റ് മികച്ച സംഘടനാഭാരവാഹിയെന്ന് സജി ചെറിയാൻ: അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല സംഘടനാഭാരവാഹി എന്ന നിലയിലും സംഘാടകന്‍ എന്ന നിലയിലും ഇന്നസെന്‍റ് മലയാളസിനിമയുടെ വളര്‍ച്ചയ്ക്കായി പ്രയത്നിച്ചുവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. എണ്ണമറ്റ സിനിമകളില്‍ ചിരിപ്പിച്ചും കണ്ണു നനയിച്ചും ചിന്തിപ്പിച്ചും കഥാപാത്രത്തെ വെറുക്കാന്‍ പ്രേരിപ്പിച്ചും തന്‍റെ പ്രതിഭയുടെ ആഴവും പരപ്പും തെളിയിച്ച മലയാള സിനിമയുടെ സ്വന്തം ഇന്നച്ചന്‍ ഇനി വെള്ളിത്തിരയിലില്ല എന്ന യാഥാര്‍ത്ഥ്യം വേദനയോടെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അനുശോചന കുറിപ്പിൽ കുറിച്ചു.