കാര്യവട്ടം അവസാനഘട്ട ഒരുക്കങ്ങളുടെ തകൃതിയില്‍ തിരുവനന്തപുരം: വീണ്ടുമൊരു അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരത്തിന്‍റെ ആവേശ ലഹരിയിലാണ് തലസ്ഥാന നഗരി. ഈ മാസം 15ന് നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരത്തിനാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയം വേദിയാകുന്നത്. ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം അന്താരാഷ്‌ട്ര ഏകദിന മത്സരം കൂടിയാണിത്.
മത്സരത്തിന് ഇനി നാല് ദിനങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിലും ഒരുക്കങ്ങളെല്ലാം തകൃതിയായി തന്നെ പുരോഗമിക്കുകയാണ്. സ്‌റ്റേഡിയത്തിന്‍റെ 90 ശതമാനം ഒരുക്കങ്ങളും പൂർത്തിയായി. ഔട്ട് ഫീൽഡും പിച്ചും മത്സരത്തിനായി സജ്ജമാക്കി കഴിഞ്ഞു. ബിസിസിഐയിൽ നിന്നുള്ള ന്യൂട്രൽ ക്യൂറേറ്റർ ഞായറാഴ്‌ച മുംബൈയിൽ നിന്നെത്തി പിച്ച് പരിശോധിച്ച് വിലയിരുത്തി. ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചാണ് ഇത്തവണയും ക്യൂറേറ്റർ ബിജുവിന്‍റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.
മത്സരദിനം സുരക്ഷയ്ക്കായി 1500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ സ്‌റ്റേഡിയത്തും പരിസരത്തുമായി വിന്യസിക്കും. ഇതിന് പുറമെ കെസിഎയുടെ നേതൃത്വത്തിൽ സ്വകാര്യ സുരക്ഷ ഏജൻസികളെയും വിന്യസിക്കും. ഗ്രീൻഫീൽഡിൽ 2018 നവംബർ ഒന്നിന് വെസ്‌റ്റ് ഇൻഡീസിനെതിരെയാണ് ആദ്യ ഏകദിന മത്സരം അരങ്ങേറിയത്. അന്ന് വിൻഡീസ് ഉയർത്തിയ 105 എന്ന ദുർബലമായ വിജയലക്ഷ്യം ഇന്ത്യ 14.5 ഓവറിൽ മറികടന്നിരുന്നു.
ഇന്ത്യ - ശ്രീലങ്ക എകദിനത്തിനായി ഇരു ടീമുകളും 13 ന് തിരുവനന്തപുരത്തെത്തും. 14 ന് ടീമുകള്‍ പരിശീലനത്തിനിറങ്ങും. ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്. ഇന്ത്യൻ ടീമിന് ഹോട്ടൽ ഹയാത്ത് റീജൻസിയിലും ശ്രീലങ്കൻ ടീമിന് ഹോട്ടൽ വിവാന്തയിലുമാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
അതേസമയം കാര്യവട്ടത്ത് കളി കാണാൻ ബിസിസിഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമാണ്. 18 ശതമാനം ജിഎസ്‌ടിയും കോര്‍പ്പറേഷന്‍റെ 12 ശതമാനം വിനോദ നികുതിയും ബുക്കിങ് ചാര്‍ജും കൂടിയാകുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860 രൂപയായും ഉയരും. പേറ്റിഎം ഇൻസൈഡർ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.