തിരുവനന്തപുരം :വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മാനേജരായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും ബിസിസിഐ മുന്‍ ജോയിന്‍റ് സെക്രട്ടറിയുമായ ജയേഷ് ജോര്‍ജിനെ നിയമിച്ചു. ബിസിസിഐയുടേതാണ് നടപടി. ജൂലായ് 12 മുതലാണ് ഇന്ത്യൻ ടീമിന്‍റെ വെസ്റ്റ് ഇൻഡീസ് പര്യടനം ആരംഭിക്കുന്നത്.
പര്യടനത്തിൽ രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 പരമ്പരകളുമടക്കം ആകെ 10 മത്സരങ്ങളാണുള്ളത്. ഒരു മാസം നീണ്ട് നിൽക്കുന്നതാണ് ഇന്ത്യൻ ടീമിന്‍റെ വെസ്റ്റ് ഇൻഡീസ് പര്യടനം. ഇന്ത്യൻ മുൻ താരം സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായിരുന്ന കാലയളവിലാണ് ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്‍റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്.
പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ജൂലായ് 12 ന് ഡൊമനിക്കയിലെ വിസ്‌ഡന്‍ പാര്‍ക്കിലാണ് നടക്കുക. ജൂലായ് 20 മുതൽ 24 വരെയാണ് രണ്ടാം ടെസ്റ്റ് മത്സരം നടക്കുക. മൂന്ന് ഏകദിനങ്ങളിൽ ആദ്യ ഏകദിനം 27നും, രണ്ടാം ഏകദിനം 29നും, മൂന്നാം ഏകദിനം ഓഗസ്റ്റ് 1നും നടക്കും. അഞ്ച് ടി 20 മത്സരങ്ങളാണ് വിൻഡീസിനെതിരെ ഇന്ത്യ കളിക്കുക.
ആദ്യ ടി20 ഓഗസ്റ്റ് 3നും, രണ്ടാം ടി20 6നും, മൂന്നാം ടി20 8നും, നാലാം ടി20 12നും, അഞ്ചാം ടി20 13നും നടക്കും. ഏകദിന മത്സരങ്ങൾ രാത്രി 7 മണി മുതലും ടി20 മത്സരങ്ങൾ രാത്രി 8 മണിക്കുമാണ് നടക്കുക. മലയാളി താരം വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ഏകദിന ടീമിൽ ഇടം നേടിയിട്ടുണ്ട്. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരടങ്ങുന്ന സീനിയർ താരങ്ങൾ നാട്ടിലേക്ക് മടങ്ങുമെന്നാണ് ലഭ്യമാകുന്ന സൂചന.
വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം :രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സെയ്‌നി.
ഇന്ത്യയുടെ ഏകദിന ടീം :രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
ലോകകപ്പിനൊരുങ്ങി ഗ്രീൻഫീൽഡ് : അതേസമയം ലോകകപ്പ് സന്നാഹ മത്സരത്തിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദിയാകും. വമ്പൻ ടീമുകളാണ് സന്നാഹ മത്സരത്തിനായി തലസ്ഥാനത്തെത്തുക. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകളുടെ സന്നാഹ മത്സരമാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുക. സന്നാഹ മത്സരം ആണെങ്കിലും രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ടീമുകൾക്ക് ഒരുക്കുകയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.