തിരുവനന്തപുരം : സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ ഫ്രീഡം വാള്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍. ഉന്നതവിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി തിരുവനന്തപുരം സംസ്‌കൃത കോളജിൽ ഒരുക്കിയ 'ഫ്രീഡം വാളാണ്' സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഏറ്റവും വലിയ ചുമർ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. 20,000 ചതുരശ്ര അടിയിലാണ് ചുമർചിത്ര മതിൽ ഒരുക്കിയത്.
ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ 'ഫ്രീഡം വാള്‍' ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍
75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി തിരുവനന്തപുരം സംസ്‌കൃത കോളജിൽ ഒരുക്കിയ ഫ്രീഡം വാളാണ് ഇന്ത്യയിലെ ഏറ്റവും വലിയ ചുമർ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്
സ്വാതന്ത്ര്യത്തിന്‍റെ അമൃതവർഷത്തിൽ വിദ്യാര്‍ഥികളില്‍ ചരിത്രബോധം ഉയർത്തുകയായിരുന്നു ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ലക്ഷ്യം. സ്വാതന്ത്ര്യസമര ചരിത്രവും തദ്ദേശീയ സാംസ്‌കാരിക പൈതൃകവും ഇണക്കിയുള്ള ചുമർചിത്രങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
പ്രധാനമായും വിദ്യാർഥികൾ തന്നെയാണ് ചിത്രങ്ങൾ വരച്ചത്. പഞ്ചമിയെന്ന ദളിത് പെണ്‍കുട്ടിയെ ചേർത്തുപിടിച്ച നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ചുമർചിത്രം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സില്‍ ഇടം ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പുരസ്‌കാരം ഏറ്റുവാങ്ങി.