തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്ത് 74-ാം സ്വതന്ത്ര്യ ദിനാഘോഷം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 15 മിനിറ്റ് മാത്രം നീണ്ടു നിന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പകാത ഉയര്‍ത്തി. അതിജീവിക്കാനുള്ള പോരാട്ടമാണ് നടക്കുന്നതെന്നും ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ത്ത് ജാഗ്രത തുടരണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു. ആരും പട്ടിണി കിടക്കാതിരിക്കാനും മികച്ച പ്രതിരോധം സൃഷ്‌ടിക്കാനും സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതുകൊണ്ടാണ് കേരളാ മോഡലിനെ ലോകം അംഗീകരിച്ചത്. ജനപിന്തുണയോടെ ഈ പോരാട്ടം തുടര്‍ന്നാല്‍ വെല്ലുവിളികള്‍ നേരിടാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലാ കലക്ടർക്കും എസ്.പിക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ സ്വാതന്ത്ര്യ ദിനാഘോഷം - independence day celebration
ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി
ആഡംബരപൂര്‍വം നടത്താറുള്ള ചടങ്ങ് കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വെട്ടിക്കുറച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ പരേഡില്‍ 100 പേരാണ് പങ്കെടുത്തത്. ബിഎസ്‌എഫ്, സ്‌പെഷ്യല്‍ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയന്‍, തിരുവനന്തപുരം സിറ്റി പൊലീസ്, കേരള ആംഡ് ഓള്‍ഡ് വുമണ്‍ പൊലീസ് ബറ്റാലിയന്‍, എന്‍സിസി വിഭാഗങ്ങളാണ് പരേഡില്‍ പങ്കെടുത്തത്. ശംഖുമുഖം എസിപി ഐശ്വര്യ ദോംഗ്രെയായിരുന്നു പരേഡ് കമാന്‍ഡര്‍. സ്‌പെഷ്യല്‍ ആംഡ് പൊലീസ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് സമീര്‍ ഖാന്‍ സെക്കന്‍ഡ് ഇല്‍ കമാന്‍ഡന്‍റായി. വ്യോമസേന ഹെലികോപ്‌റ്റര്‍ പുഷ്പവൃഷ്ടിയും നടത്തി.