കേരളം

kerala

ETV Bharat / state

നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്‍റെ ഉദ്ഘാടനത്തിനായി 40 ലക്ഷം രൂപ; സർക്കാരിന്‍റേത് ധൂർത്തും അഴിമതിയുമെന്ന് കെ സുധാകരൻ - Travancore palace

സംസ്ഥാനത്തിന്‍റെ പൊതു കടം 3.90 ലക്ഷം കോടിയാണെന്നും കേരളത്തിൽ പിറന്ന് വീഴുന്ന ഓരോ കുഞ്ഞും ഒരുലക്ഷത്തി അയ്യായിരം രൂപയുടെ കടക്കാരനാണെന്നും സുധാകരന്‍

കെ സുധാകരൻ  K Sudhakaran  ട്രാവൻകൂർ പാലസ്  ട്രാവൻകൂർ പാലസിന്‍റെ ഉത്‌ഘാടനത്തിനായി 40 ലക്ഷം രൂപ  കെപിസിസി  കെപിസിസി അധ്യക്ഷൻ കെ സുധാകരൻ  കെഎസ്‌ആർടിസി  ആർബിഐ  സർക്കാരിനെ വിമർശിച്ച് കെ സുധാകരൻ  സിപിഎം  CPM  Travancore Palace  സപ്ലൈകോ  Inauguration of renovated Travancore palace  k Sudhakaran against government  k Sudhakaran criticize government
കെ സുധാകരൻ

By

Published : Jul 30, 2023, 8:59 PM IST

തിരുവനന്തപുരം : ഡല്‍ഹിയില്‍ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മാത്രമായി സര്‍ക്കാര്‍ 40 ലക്ഷം രൂപ അനുവദിച്ചത് ധൂര്‍ത്തും അഴിമതിയുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇത്തരം പരിപാടികളിലൂടെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകള്‍ ഡല്‍ഹിയിലും മുഴക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുധാകരൻ വാർത്ത കുറിപ്പിൽ പറഞ്ഞു.

കേരള ഹൗസില്‍ രാഷ്ട്രീയ പരിഗണന മാത്രം വച്ച് അനധികൃത നിയമനങ്ങളും പ്രമോഷനും നടപ്പാക്കി വരുകയാണ്. സിപിഎം നടത്തിയ രാഷ്ട്രീയ നിയമനങ്ങളാണ് ക്ലാസ് 3, ക്ലാസ് 4 ജീവനക്കാരായി നിയമിച്ചതില്‍ ഭൂരിഭാഗവും. ഇതിൽ പലർക്കും ഗസറ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ നീക്കം നടക്കുകയാണ്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളവും പെന്‍ഷനും ലഭിക്കാതെ സെക്രട്ടേറിയറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തുകയാണ്. നെല്ല് സംഭരിച്ച വകയിൽ കോടികളാണ് നൽകാനുള്ളത്. സപ്ലൈകോയുടെ പ്രവർത്തനവും ഏതാണ്ട് നിലച്ചു കഴിഞ്ഞു. കേരള ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിലാണ് കേരളത്തിന്‍റെ പൊതു കടം.

3.90 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്‍റെ പൊതു കടം എന്നാണ് ആർബിഐ റിപ്പോർട്ട്. ജനങ്ങളും സംസ്ഥാനവും സര്‍ക്കാരിന്‍റെ പിടിപ്പുകേടുകൾ കൊണ്ട് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിട്ടും ധൂര്‍ത്തിനും അഴിമതിക്കും ആഡംബരത്തിനും ഒരു കുറവുമില്ല.

മന്ത്രിമാര്‍ക്ക് കുടുംബ സമേതം വിദേശയാത്ര നടത്താനും മുഖ്യമന്ത്രിയുടെ വസതിയില്‍ കാലിത്തൊഴുത്ത് പണിയാനും നീന്തല്‍ക്കുളം നവീകരിക്കാനും ലിഫ്റ്റ് പണിയാനും ആഡംബര കാറുകള്‍ വാങ്ങാനും പണം ചെലവഴിക്കുന്നതില്‍ യാതൊരു നിയന്ത്രണവുമില്ല.

സംസ്ഥാനത്തിന്‍റെ ആഭ്യന്തര കടം 2021-2022ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10.67 ശതമാനം വര്‍ധിച്ചതായി സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക സര്‍വേ സാക്ഷ്യപ്പെടുത്തുകയാണ്. പിറന്ന് വീഴുന്ന ഓരോ കുഞ്ഞും ഒരുലക്ഷത്തി അയ്യായിരം രൂപയുടെ കടക്കാരനാണെന്നും സുധാകരന്‍ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

ഉദ്ഘാടനം തിങ്കളാഴ്‌ച : അതേസമയം സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ് ഓഗസ്റ്റ് നാലിന്‌ വൈകിട്ട്‌ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങിന്‍റെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട് ഷോയും കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്. 20 കോടിയിലേറെ രൂപ ചെലവിട്ടാണ് കെട്ടിടം നവീകരിച്ചിട്ടുള്ളത്.

കേരളത്തിന്‍റെ കലാ-സാംസ്‌കാരിക-ടൂറിസം മേഖലകൾക്ക് ഡൽഹിയിലെ ആസ്ഥാനമായി ട്രാവൻകൂർ പാലസിനെ മാറ്റാനാണ് സർക്കാർ പദ്ധതി. ഇതിന്‍റെ ഭാഗമായി ആർട്ട് ഗാലറികൾ, കഫ്‌റ്റീരിയ, ലൈബ്രറി, ആംഫി തിയേറ്റർ, സെമിനാർ ഹാൾ, കോൺഫറൻസ് റൂം, ഔട്ട്‌ഡോർ എക്‌സിബിഷൻ സൗകര്യം എന്നിവയും ഒരുക്കും. ചടങ്ങിന്‍റെ ആലോചന യോഗം തിങ്കളാഴ്‌ച കേരള ഹൗസിൽ ചേരും.

ഉദ്ഘാടന പരിപാടികളുടെ ക്രമീകരണങ്ങൾക്ക് പ്രൊഫ. കെ വി തോമസ് ചെയർമാനും റസിഡന്‍റ് കമീഷണർ സൗരഭ് ജയിൻ കൺവീനറുമായ സംഘാടക സമിതി സർക്കാർ രൂപീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള എംപിമാരുടെ പ്രതിനിധികൾ, മലയാളി അസോസിയേഷനുകളുടെ പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഉൾക്കൊള്ളുന്ന സമിതിയുടെ യോഗമാണ് ചേരുന്നത്.

ABOUT THE AUTHOR

...view details