തിരുവന്തപുരം:ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർഥി മേയർ വി.കെ പ്രശാന്തും യുഡിഎഫ് സ്ഥാനാർഥി കെ മോഹൻകുമാറും നാമനിർദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ റവന്യൂ ദുരന്ത നിവാരണ വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണർ ജിയോ. ടി മനോജ് മുമ്പാകെയാണ് പത്രികാ സമർപ്പണം നടത്തിയത്. ആദ്യം എൽ.ഡി.എഫ് സ്ഥാനാർഥി വി.കെ പ്രശാന്താണ് പത്രിക സമർപ്പിച്ചത്.
പോരിന് ഒരുങ്ങി വട്ടിയൂർക്കാവ്; സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു - വട്ടിയൂർക്കാവ്
വരണാധികാരിയായ റവന്യൂ ദുരന്ത നിവാരണ വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണർ ജിയോ. ടി മനോജ് മുമ്പാകെയാണ് ഇരുവരും പത്രികാ സമർപണം നടത്തിയത്.
മണ്ഡലത്തിൽ എല്‍.ഡി.എഫിന് അനുകൂല സാഹചര്യമാണെന്ന് പത്രിക സമർപ്പണത്തിനു ശേഷം വി.കെ പ്രശാന്ത് പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി. ശിവൻകുട്ടി എന്നിവർ ഒപ്പമുണ്ടായിരുന്നു. കണ്ണമ്മൂല ചട്ടമ്പിസ്വാമി സ്മാരകം, പാളയം രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രകടനമായാണ് പത്രികാ സമർപ്പണത്തിന് എത്തിയത്. ഇന്ന് നിയോജക മണ്ഡലത്തിലെ പ്രധാന ജങ്ഷനുകൾ കേന്ദ്രീകരിച്ചാണ് വി.കെ പ്രശാന്തിന്‍റെ പ്രചാരണം.
തുടർന്ന് യുഡിഎഫ് സ്ഥാനാർഥി കെ മോഹൻകുമാറും നാമനിർദേശപത്രിക സമർപിച്ചു. കുമ്മനം രാജശേഖരൻ മത്സരത്തിൽ നിന്ന് പിന്മാറിയതോടെ വട്ടിയൂർക്കാവിൽ യുഡിഎഫ് വിജയം കൂടുതൽ തിളക്കമുള്ളതാകുമെന്ന് മോഹൻകുമാർ പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിലും മ്യൂസിയം ജംഗ്ഷനിലെ കരുണാകരൻ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയ ശേഷം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കൊപ്പം പ്രകടനമായാണ് പത്രിക സമർപ്പണത്തിനായി യു.ഡി.എഫ് സ്ഥാനാർഥി ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ എത്തിയത്. ഇന്ന് വൈകീട്ട് പേരൂർക്കടയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കും.