തിരുവനന്തപുരം : എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങൾ ചോർന്ന സംഭവത്തിൽ എടിഎസ് (തീവ്രവാദ വിരുദ്ധ സ്ക്വാഡ്) മുൻ തലവൻ ഐജി പി വിജയനെ സസ്പെൻഡ് ചെയ്‌തു. എഡിജിപി എം ആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ട്രെയിനിൽ തീയിട്ട കേസ് അന്വേഷിക്കുന്ന സംഘത്തിൽ ഉൾപ്പെടാത്ത ഇൻസ്പെക്‌ടർ ജനറൽ റാങ്കിലുള്ള വിജയൻ, ഗ്രേഡ് എസ്ഐ മനോജ് കുമാർ കെ എന്നിവർ പ്രതികളെ റോഡ് മാർഗം കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
പ്രതിയെ രത്നഗിരിയിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ചോർന്നത് ഗുരുതരമായ സുരക്ഷ വീഴ്‌ചയാണെന്ന് എഡിജിപി എം ആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാക്കി. പൊലീസിന്‍റെ എടിഎസ് വിഭാഗം (തീവ്രവാദ വിരുദ്ധ സ്ക്വാഡ്) കൂടുതൽ ശ്രദ്ധയോടെ പ്രവർത്തിക്കേണ്ടതിനാൽ ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിന്‍റെ അന്വേഷണം പൂർത്തിയാകുന്നതുവരെ വിജയനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തുടരന്വേഷണത്തിന് എഡിജിപി പി. പത്മകുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്‌തു. തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവനായിരുന്ന പി വിജയനെ നേരത്തെ തന്നെ ചുമതലയിൽ നിന്നും മാറ്റിയിരുന്നു. പകരം നിയമനം നൽകിയിരുന്നില്ല.
നാടകീയ യാത്ര : മാധ്യമങ്ങളും ജനശ്രദ്ധയും ഒഴിവാക്കാനായിരുന്നു ഷാരൂഖ് സെയ്‌ഫിയെ സ്വകാര്യ എസ്‌യുവിയിൽ റോഡ് മാർഗം സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ കേരള പൊലീസ് തീരുമാനിച്ചത്. എന്നാൽ യാത്രക്കിടയിൽ വാഹനത്തിന്‍റെ ടയർ പൊട്ടിയതോടെ തന്ത്രം പാളി. ഏപ്രിൽ ആറിന് പുലർച്ചെയോടെയാണ് പ്രതി ഷാരൂഖ് സെയ്‌ഫിയുമായി കേരള പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം സംസ്ഥാനത്ത് എത്തിയത്.